NEWSROOM

സ്പീക്ക‍ർ പദവിയിലേക്ക് തെരഞ്ഞെടുപ്പ്: ലോക്സഭയുടെ ചരിത്രത്തിലാദ്യം

സ്പീക്കർ സ്ഥാനാർഥിത്വത്തിൽ ഇന്ത്യ മുന്നണിയുമായുള്ള സമവായ ശ്രമം പരാജയപ്പെട്ടതാണ് തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്.

Author : ന്യൂസ് ഡെസ്ക്

ചരിത്രത്തിലാദ്യമായി സ്പീക്ക‍ർ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോക്സഭ. എൻഡിഎ സ്ഥാനാർഥി ഓം ബിർളയും ഇന്ത്യ മുന്നണി സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷുമാണ് ലോക്സഭയിൽ അങ്കം കുറിക്കാനൊരുങ്ങുന്നത്.സ്പീക്കർ സ്ഥാനത്തേക്ക് എൻഡിഎ സ്ഥാനാർഥിയെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു എന്നിവർ ഇന്ത്യ മുന്നണി നേതാക്കളായ മല്ലികാർജുൻ ഖാർഗെ, എം കെ സ്റ്റാലിൻ, മമത ബാനർജി എന്നിവരുമായി നടത്തിയ സമവായ നീക്കം പരാജയപ്പെട്ടതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 

ഇന്ന് രാവിലെ ഓം ബിർളയെ രണ്ടാമതും സ്പീക്കർ സ്ഥാനാർഥിയാക്കുവാൻ ബിജെപി പിന്തുണ തേടിയതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് നൽകണമെന്ന ആവശ്യത്തിൽ ഇന്ത്യ മുന്നണി ഉറച്ച് നിന്നു. എന്നാൽ ഇത് പിന്നീട് പരിഗണിക്കാമെന്ന് പറഞ്ഞ് ഭരണപക്ഷം ഒഴിഞ്ഞു മാറുകയായിരുന്നു. കീഴ് വഴക്കമനുസരിച്ച് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകേണ്ടത് മുഖ്യ പ്രതിപക്ഷപാർട്ടിക്കാണെങ്കിലും കഴിഞ്ഞ രണ്ട് തവണയും ഈ പതിവ് തെറ്റിച്ചിരുന്നു. ആദ്യ മോദി ​ഗവൺമെന്റിന്റെ കാലത്ത് ഈ സ്ഥാനത്തേക്ക് ബിജെപിയുടെ തന്നെ സഖ്യകക്ഷിയായ എഐഡിഎംകെയുടെ എം.തമ്പിദുരൈയെ തെരഞ്ഞെടുത്തപ്പോള്‍ രണ്ടാം മോദി ​ഗവൺമെന്റിന്റെ കാലത്ത് ഈ സ്ഥാനം ഒഴിച്ചിടുകയാണ് ചെയ്തത്. 

മാത്രമല്ല, കോൺഗ്രസിന് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകുവാൻ വിമുഖതയുള്ള ബിജെപിയും എൻഡിഎയും ഇതിനിടയിൽ ഇന്ത്യ മുന്നണിയിലെ പ്രധാന സഖ്യകക്ഷികളിലൊന്നായ ഡിഎംകെയ്ക്ക് ഡെപ്യൂട്ടി സ്ഥാനം നൽകി ഇന്ത്യ മുന്നണിയിൽ വിള്ളലുണ്ടാക്കുവാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. തമിഴ്നാട്ടിൽ സ്വാധീനമുറപ്പിക്കൽ കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെങ്കിലും കോൺഗ്രസിനെ തഴഞ്ഞ് ഡിഎംകെ സ്ഥാനം ഏറ്റെടുക്കില്ലെന്ന് കോൺഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.  

മുതിർന്ന അം​ഗമായ കൊടിക്കുന്നിലിനെ തഴഞ്ഞ് ഭർതൃഹരി മഹ്താബിനെ പ്രോ ടേം സ്പീക്കറായി നിയമിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. തുടർന്ന് കൊടിക്കുന്നിലും മറ്റ് പ്രതിപക്ഷ അംഗങ്ങളും പ്രോ ടേം സ്പീക്കറെ സഹായിക്കുന്നതിൽ നിന്നുള്ള പാനലിൽ നിന്ന് പിന്മാറുകയും ചെയ്തു.  

രാജസ്ഥാനിലെ കോട്ടയിൽ നിന്നും മൂന്ന് തവണ പാർലമെന്റിലേക്ക് ജയിച്ചു കയറിയ ഓം ബിർള പതിനേഴാം ലോക്സഭയിലും സ്പീക്കറായിരുന്നു. അതേ സമയം കൊടിക്കുന്നിൽ സുരേഷാവട്ടെ മാവേലിക്കര മണ്ഡലത്തിൽ നിന്നും എട്ട് തവണ പാർലമെന്റിലേക്ക് മത്സരിച്ച് ജയിച്ചയാളാണ്. 

SCROLL FOR NEXT