NEWSROOM

എസ്എടി ആശുപത്രിയിലെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു; പരിഹാരമായത് മണിക്കൂറുകൾ നീണ്ട ബുദ്ധിമുട്ടിന്

മന്ത്രി വീണ ജോർജ്, മന്ത്രി കൃഷ്ണൻകുട്ടി അടക്കം പ്രശ്നത്തിൽ ഇടപെട്ടിരുന്നു

Author : ന്യൂസ് ഡെസ്ക്

എസ്എടി ആശുപത്രിയിലെ വൈദ്യുതി തകരാർ പരിഹരിച്ചു. മൂന്ന് മണിക്കൂറോളം ആശുപത്രിയിൽ വൈദ്യുതി ബന്ധം നിലച്ചിരുന്നു. കുട്ടികളും മുതിർന്നവരുമടക്കമുള്ള രോഗികൾക്ക് ബുദ്ധിമുട്ട് നേരിട്ടതോടെ പ്രതിഷേധിച്ച് കൂട്ടിരിപ്പുകാർ രംഗത്തെത്തിയിരുന്നു. പരാതി അറിയച്ചതോടെ പൊലീസ് ഉദ്യോഗസ്ഥരും മോശമായി പെരുമാറിയെന്നും അവർ ആരോപിക്കുന്നു. വൈദ്യുതി ഇല്ലാത്ത സമയത്ത് ആശുപത്രിയിൽ പ്രസവം നടന്നെന്നും ടോർച്ച് ഉപയോഗിച്ചാണ് പരിശോധനകൾ നടന്നതെന്നും രോഗികൾ ആരോപിച്ചിരുന്നു.

കെഎസ്ഇബി ട്രാൻസ്ഫോർമർ തകരാറിലായതാണ് വൈദ്യുതി തടസപ്പെടാൻ കാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം. എന്നാൽ വൈദ്യുതി തടസം നേരിട്ടത് സപ്ലൈ തകരാർ കൊണ്ടല്ലെന്ന് കെഎസ്‌ഇബി അറിയിച്ചിരുന്നു. എച്ച്ടി കണക്ഷൻ ലൈവാണ്. പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗത്തിന് വേണ്ട സഹായ സന്നദ്ധതയുമായി കെഎസ്‌ഇബി സബ് എഞ്ചിനിയറുടെ നേതൃത്വത്തിൽ ടീം ഫീൽഡിൽ ഉണ്ടെന്നും കെഎസ്ഇബി അറിയിച്ചിരുന്നു. മന്ത്രി വീണ ജോർജ്, മന്ത്രി കെ. കൃഷ്ണൻകുട്ടി എന്നിവരടക്കം പ്രശ്നത്തിൽ ഇടപെട്ടിരുന്നു. ജനറേറ്ററിൻ്റെ പ്രശ്നമാണെന്ന് ഡെപ്യൂട്ടി മേയർ പി.കെ. രാജുവും പ്രതികരിച്ചിരുന്നു.

SCROLL FOR NEXT