ഇടുക്കി ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ആദിവാസി യുവാവ് കണ്ണൻ്റെ മൃതദേഹം സംസ്കരിച്ചു. ചിന്നക്കനാൽ ടാങ്ക് കുടി സ്വദേശിയായ കണ്ണൻ ചെമ്പകത്തൊഴു കുടിയിലെ കൃഷിയിടത്തിൽ നിന്ന് മടങ്ങുമ്പോഴാണ് കാട്ടാനക്കൂട്ടം ചവിട്ടി കൊന്നത്. അടിമാലി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി .
മൃതദേഹം ചിന്നക്കനാലിലെ ചുടുകാട്ടിലാണ് സംസ്കരിച്ചത്. അതേസമയം ചിന്നകനാലിൽ നിന്നും കാട്ടാനക്കൂട്ടത്തെ തുരത്താൻ ഇതുവരെ സാധിച്ചിട്ടില്ല. കാട്ടാന ആക്രമണം തുടർക്കഥയായതോടെ പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
ഫോറസ്റ്റ് സംഘം കാട്ടാന ആക്രമണം തടയുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചിന്നക്കാനാൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. ഫോറസ്റ്റിന്റെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായെന്നും കണ്ണന്റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്നും ഇടുക്കി എംപി ഡീൻ കുര്യാക്കോസ് പറഞ്ഞു. സർക്കാരിൻ്റെ നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡുവായ അഞ്ചുലക്ഷം രൂപ ദേവികുളം എംഎൽഎ എ. രാജ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ വിനോദ് എന്നിവരെത്തി കണ്ണന്റെ കുടുംബത്തിന് കൈമാറി.