ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ചിന്നക്കനാൽ ടാങ്ക്കുടി സ്വദേശിയായ 47 വയസുകാരൻ കണ്ണൻ ആണ് മരിച്ചത്. ഒൻപത് പിടിയാനകൾ അടങ്ങുന്ന ആനക്കൂട്ടം കണ്ണനെ ആക്രമിക്കുകയായിരുന്നു.
ഇന്ന് വൈകീട്ട് ചിന്നക്കനാൽ വണ്ണാത്തിപ്പാറയിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെയായിരുന്നു ആക്രമണം. രാവിലെ ജനവാസമേഖലയിൽ ഇറങ്ങിയ ആനകളെ തുരത്താൻ ആദിവാസി കുടികളിൽ നിന്നടക്കം ആളുകൾ സ്ഥലത്തെത്തിയിരുന്നു. ആനകളെ ഓടിക്കുന്നതിനിടെയാണ് ഇവരുടെ കൂടെയെത്തിയ കണ്ണൻ കാട്ടാനക്കൂട്ടത്തിന് നടുവിൽപ്പെട്ടത്. ആനക്കൂട്ടം കണ്ണനെ തുമ്പിക്കൈയിൽ തൂക്കിഎറിഞ്ഞ ശേഷം ചവിട്ടി കൊലപ്പെടുത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
പ്രദേശവാസികൾ ചേർന്ന് ആനക്കൂട്ടത്തെ തുരത്തിയ ശേഷമാണ് മൃതദേഹം സംഭവസ്ഥലത്തുനിന്ന് മാറ്റിയത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് .
കഴിഞ്ഞ ദിവസം പൂപ്പാറ ടൗണിന് സമീപം ചക്കക്കൊമ്പൻ ഇറങ്ങി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചിരുന്നു. കാട്ടാന ജനവാസ മേഖലയിലിറങ്ങി നാശനഷ്‌ടങ്ങൾ ഉണ്ടാക്കുന്നത് തുടർക്കഥയാവുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.