ഇടുക്കി അടിമാലി കാഞ്ഞിരവേലിയില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. സ്വകാര്യ പുരയിടത്തിലാണ് കൊമ്പനാനയുടെ ജഡം കണ്ടെത്തിയത്. ആനയുടെ പോസ്റ്റ്മാർട്ടം നടപടികൾ നാളെ നടത്തും.
കാട്ടാന ശല്യം രൂക്ഷമായ അടിമാലി ഗ്രാമപഞ്ചായത്തിലെ പ്രദേശങ്ങളിലൊന്നാണ് കാഞ്ഞിരവേലി. കാഞ്ഞിരവേലിയിലെ ജനവാസ മേഖലയിലാണ് രാവിലെ കാട്ടാനയെ ചെരിഞ്ഞനിലയില്‍ കണ്ടെത്തിയത്. പ്രദേശവാസിയായ മാടകയില്‍ ഷാജൻ്റെ കൃഷിയിടത്തിലായിരുന്നു കൊമ്പൻ്റെ ജഡം. പ്രദേശവാസികള്‍ ചേർന്ന് വിവരം അറിയിച്ചതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു.
ആന ചെരിയാനുണ്ടായ സാഹചര്യം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റാതാകാം ചെരിയാൻ കാരണമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. പോസ്റ്റ്മാർട്ടത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.
കാട്ടാനകളുടെ സാന്നിധ്യം പതിവായ കാഞ്ഞിരവേലിയിലെ ജനവാസ മേഖലയില്‍ വനം വകുപ്പ് വൈദ്യുതി വേലികൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ മാർച്ചിൽ പ്രദേശവാസിയായ ഇന്ദിര കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.