NEWSROOM

ആന എഴുന്നള്ളിപ്പ്: സർക്കാർ ഭാഗത്ത് നിന്നുള്ള അഭിഭാഷകർ ഇരട്ട ഗെയിം കളിക്കുകയാണെന്ന് ഹൈക്കോടതി

ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ചാണ് അഭിഭാഷകർക്കെതിരെ വാക്കാൽ ഈ വിമർശനം നടത്തിയത്.

Author : ന്യൂസ് ഡെസ്ക്


ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹർജികളിൽ സർക്കാർ ഭാഗത്ത് നിന്നുള്ള അഭിഭാഷകരടക്കം ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഇരട്ട ഗെയിം കളിക്കുകയാണെന്ന് ഹൈക്കോടതി. കേരളത്തിൽ ആന ഇടഞ്ഞുണ്ടാകുന്ന അപകടങ്ങൾ വേണ്ടവിധം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ അഭിഭാഷകർക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ചാണ് അഭിഭാഷകർക്കെതിരെ വാക്കാൽ ഈ വിമർശനം നടത്തിയത്.



നാട്ടാന പരിപാലന ചട്ടങ്ങൾ കർശനമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവുകൾ സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് പരാമർശം. ഹൈക്കോടതി ജഡ്ജിമാരുടെ സത്യസന്ധത ചോദ്യം ചെയ്യുന്ന വാദങ്ങൾ പോലുമുണ്ടായി. വസ്തുതകൾ ഒതുക്കി വെച്ച് സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവിനുള്ള ശ്രമമാണ് അഭിഭാഷകർ നടത്തുന്നത്. അനുകൂല ഉത്തരവിനുള്ള തന്ത്രങ്ങളാവാം ഇതെങ്കിലും അതിരുവിടരുതെന്നും കോടതി പറഞ്ഞു.

ആന എഴുന്നള്ളത്ത് വിഷയത്തിൽ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ വിമർശിച്ച് സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. ആന എഴുന്നള്ളത്ത് ചരിത്രപരമായി സംസ്കാരത്തിന്റെ ഭാഗമാണെന്നും അത് അവസാനിപ്പിക്കാനുള്ള നീക്കമാണ് ഹൈക്കോടതിയിൽ നടക്കുന്നതെന്നും സുപ്രീം കോടതി വിമർശിച്ചിരുന്നു. മറ്റൊരു വിഷയത്തിൽ എടുത്ത കേസ് എങ്ങനെ ആനയിലേക്ക് എത്തിയെന്ന് കേസ് പരി​ഗണിച്ച ജസ്റ്റിസ് ബി.വി. നാഗരത്ന ചോദിച്ചു. വളർത്തു നായയെ തല്ലിക്കൊന്നതുമായി ബന്ധപ്പെട്ട കേസ് എങ്ങനെയാണ് ആന എഴുന്നള്ളത്തിൽ എത്തിയത്? ആനകൾ മനുഷ്യജീവിതത്തിൻ്റെ ഭാഗമാണെന്നും കോടതി അഭിപ്രായപ്പെട്ടു. വിശ്വ ​ഗജ സേവാ സമിതിയുടെ ഹർജി പരി​ഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ ഈ വിമർശനം.

SCROLL FOR NEXT