എറണാകുളം ഭൂതത്താൻകെട്ടിൽ ഷൂട്ടിംഗിനിടെ കാട്ടിലേക്കോടിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കോട്ടയത്തേക്ക് കൊണ്ടുപോയി. ആന ആരോഗ്യവാനാണ്, പരുക്കുകളൊന്നുമില്ല. ആനയെ ലോറിയിൽ കയറ്റിയാണ് കാടിന് പുറത്തേക്ക് കൊണ്ടുപോയത്.
രക്ഷാപ്രവർത്തനത്തോട് പൂർണമായും സഹകരിച്ച സാധു, വനപാലകർ നൽകിയ പഴങ്ങളും മറ്റു ഭക്ഷണങ്ങളും കഴിക്കുകയും ചെയ്തു. രാവിലെ തന്നെ ആനയെ കാടിനുള്ളിൽ ലൊക്കേറ്റ് ചെയ്തിരുന്നു. പരുക്കുകളൊന്നും ഇല്ലെന്നും ഉറപ്പാക്കിയിരുന്നു. പിണ്ടം തിരിച്ചറിഞ്ഞ് നടത്തിയ പരിശോധനയിലാണ് ആനയെ കണ്ടെത്തിയത്.
സാധു അടക്കമുള്ള അഞ്ച് ആനകളെ വിജയ് ദേവരക്കൊണ്ട നായകനാകുന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനാണ് ഭൂതത്താൻകെട്ടിൽ എത്തിച്ചത്. സംഘട്ടന രംഗത്തിന്‍റെ ചിത്രീകരണം പുരോഗമിക്കവെ പുതുപ്പള്ളി സാധുവിനെ, തടത്താവിള മണികണ്ഠന്‍ എന്ന നാട്ടാന തുടരെ തുടരെ ആക്രമിച്ചു.
പാപ്പാന്‍മാരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ ഏറ്റുമുട്ടല്‍ തുടര്‍ന്നതോടെയാണ് സാധു കാട്ടിലേക്ക് ഓടിക്കയറിയത്. ആനകള്‍ വിരണ്ടോടിയതോടെ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും നാട്ടുകാരും ചിതറിയോടി. ഇതിനിടയില്‍ പലർക്കും പരുക്കേറ്റിരുന്നു.