NEWSROOM

ലോകചരിത്രത്തിലെ ഏറ്റവും വലിയ ധനികനായി ഇലോൺ മസ്ക് ! ടെസ്ല ഉടമയുടെ ആസ്തി 348 ബില്യണ്‍ ഡോളർ

കഴിഞ്ഞ ഒരു വർഷത്തിനിടെ മസ്കിൻ്റെ ആസ്തിയിൽ 119 ബില്യൺ ഡോളറിൻ്റെ വർധനയാണ് രേഖപ്പെടുത്തിയത്

Author : ന്യൂസ് ഡെസ്ക്

ചരിത്രത്തിലെ ഏറ്റവും വലിയ ധനികനായി ശതകോടീശ്വരൻ ഇലോൺ മസ്ക്. ബ്ലൂംബെർഗ് പുറത്തു വിട്ട പട്ടിക പ്രകാരം 348 ബില്യൺ ഡോളറാണ് മസ്കിൻ്റെ ആസ്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ മസ്കിൻ്റെ ആസ്തിയിൽ 119 ബില്യൺ ഡോളറിൻ്റെ വർധനയാണ് രേഖപ്പെടുത്തിയത്.

യുഎസ് തെരഞ്ഞെടുപ്പ് ദിവസം മുതൽ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയുടെ ഓഹരിയിൽ മാത്രം 40 ശതമാനമാണ് വർധന. കഴിഞ്ഞ വർഷം 119 ബില്യണ്‍ ഡോളറിന്‍റെ വളർച്ചയാണ് കൈവരിച്ചത്. എലോൺ മസ്‌കിൻ്റെ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനിയായ എക്സ്എഐയുടെ മൂല്യം 50 ബില്യൺ ഡോളറായിട്ടാണ് ഉയർന്നത്. ഇത് മസ്‌കിൻ്റെ സമ്പത്തിലേക്ക് 13 ബില്യൺ ഡോളർ ചേർത്തതായി വാൾ സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ട് ചെയ്തു.

ഇലോണ്‍ മസ്കിന്‍റെ സമ്പത്തിലുണ്ടായ കുതിച്ചു ചാട്ടത്തിനു പ്രധാന കാരണം യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡൊണാള്‍ഡ് ട്രംപിന്‍റെ വിജയമാണെന്നാണ് സാമ്പത്തിക വിശകലന വിദഗ്ധർ വിലയിരുത്തുന്നത്. ട്രംപിൻ്റെ ഭരണത്തിന് കീഴില്‍ ടെസ്‌ലയ്ക്ക് അനുകൂലമായ പരിഷ്കരണങ്ങള്‍ ഉണ്ടായേക്കും എന്നാണ് സൂചന. ട്രംപിന്‍റെ ക്യാബിനറ്റിലെ അംഗവുമാണ് മസ്ക്. ബയോടെക്ക് തലവന്‍ വിവേക് രാമസ്വാമിയുമായി ചേർന്ന് ഡിപ്പാർട്ട്മെന്‍റ് ഓഫ് എഫിഷ്യന്‍സിയുടെ ചുമതലയാണ് മസ്കിനു നല്‍കിയിരിക്കുന്നത്.

Also Read: മസ്‌കിൻ്റെ റഷ്യൻ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കണം; ആവശ്യമറിയിച്ച് ഡെമോക്രാറ്റിക് സെനറ്റർമാർ

ഡൊണാള്‍ഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഏറ്റവും കൂടുതല്‍ പണം ചെലവാക്കിയ വ്യക്തി കൂടിയാണ് മസ്ക്. 100 മില്യണ്‍ ഡോളറാണ് ട്രംപിനായി മസ്ക് ചെലവാക്കിയത്. അമേരിക്ക പിഎസി എന്ന 'സൂപ്പർ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി' മുഖേനയാണ് മസ്ക് പണം മുടക്കിയത്.

എന്നാൽ, 2024ലെ മികച്ച വാർഷിക വരുമാനക്കാരുടെ പട്ടികയിൽ എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിന് പിന്നിലാണ് മസ്ക്. ഹുവാങ്ങിൻ്റെ വാർഷിക വരുമാനം 2023-ൽ 21.1 ബില്യണിൽ നിന്ന് 2024-ൽ 77 ബില്യൺ ഡോളറായി ഉയർന്നതായാണ് ഫോർബ്സ് റിപ്പോർട്ട് ചെയ്യുന്നത്. മസ്‌കിൻ്റെ വാർഷിക വരുമാനത്തിൽ ഉണ്ടായ വർധനയേക്കാള്‍ നാലിരട്ടിയാണിത്.

അതേസമയം, ഇന്ത്യയിലെ ഒന്നാം നമ്പർ കോടീശ്വരനായ മുകേഷ് അംബാനി ലോക സമ്പന്നരിൽ പതിനേഴാമതാണ്. ആമസോണ്‍ ഉടമ ജെഫ് ബെസോസാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നൻ. ഒറാക്കിൾ കോർപ്പറേഷൻ്റെ ലാറി എലിസൺ ആണ് മൂന്നാം സ്ഥാനത്ത്.

SCROLL FOR NEXT