NEWSROOM

എക്സ് പ്രവർത്തിക്കുന്നത് ഇങ്ങനെ! ആപ്പ് അൽഗോരിതം വിശദീകരിച്ച് ഇലോൺ മസ്ക്

ഔദ്യോഗിക എക്സ് പോസ്റ്റ് വഴിയായിരുന്നു മസ്ക് എക്സിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.

Author : ന്യൂസ് ഡെസ്ക്

സമൂഹമാധ്യമമായ എക്സിൽ ചില പ്രത്യേക കണ്ടൻ്റുകൾ മാത്രമാണ് ലഭ്യമാകുന്നതെന്ന് നിങ്ങൾക്ക് തോന്നാറുണ്ടോ? എങ്കിൽ അത് സത്യമാണ്. ഉപയോക്താക്കൾക്കായി പ്രദർശിപ്പിക്കുന്ന കണ്ടൻ്റുകളെ കുറിച്ചുള്ള പൂർണ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് എക്സ് ഉടമ ഇലോൺ മസ്ക്. ഔദ്യോഗിക എക്സ് പോസ്റ്റ് വഴിയായിരുന്നു മസ്ക് എക്സിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.

'നിങ്ങൾ ഒരു കണ്ടൻ്റുമായി ഇടപഴകുകയാണെങ്കിൽ, അത്തരത്തിലുള്ള കണ്ടൻ്റുകൾ കൂടുതൽ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നു,'- വളരെ ലളിതവും ഫലപ്രദവുമായ ഈ തത്വത്തിലാണ് എക്സ് അൽഗോരിതം പ്രവർത്തിക്കുന്നത്. നിങ്ങൾ ചെയ്യുന്ന ഓരോ ലൈക്കുകളും കമൻ്റുകളും ഷെയറുകളും ആപ്പ് നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഇത്തരത്തിൽ നിങ്ങൾ ചെയ്യുന്ന ഓരോ ഇടപെടലുകളും ഏത് കണ്ടൻ്റ് പ്രദർശിപ്പിക്കണം എന്നതിൽ ആപ്പ് അൽഗോരിതത്തിൻ്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നു.


ആപ്പ് അൽഗോരിതത്തെ സ്വാധീനിക്കുന്ന പ്രധാന സിഗ്നൽ ഷെയറിങ്ങ് ഓപ്ഷനാണെന്ന് മസ്ക് പറയുന്നു. ഒരു കണ്ടൻ്റ് അത്രയധികം ഇഷ്ടപ്പെട്ടതിനാലാണ് ഉപയോക്താക്കൾ ഒരു പോസ്റ്റ് ഷെയർ ചെയ്യുന്നതെന്നാണ് അൽഗോരിതം വ്യാഖ്യാനിക്കുന്നത്. പിന്നാലെ സമാനമായ കണ്ടൻ്റുകൾ ഇവരുടെ ഫീഡിലേക്ക് പങ്കുവെക്കുന്നു. "നിങ്ങൾ ഒരു എക്സ് പോസ്റ്റ് സുഹൃത്തുക്കൾക്ക് ഫോർവേഡ് ചെയ്യുകയാണെങ്കിൽ, അത് ഫോർവേഡ് ചെയ്യാനായി നിങ്ങളെടുത്ത പരിശ്രമത്തെ മുൻനിർത്തി ആ കണ്ടൻ്റ് നിങ്ങൾക്ക് വളരെയധികം ഇഷ്ടമായെന്ന് അൽഗോരിതം അനുമാനിക്കുന്നു," മസ്ക് കുറിച്ചു.

എന്നാൽ ഇക്കാര്യത്തിൽ യുക്തിപരമായ പോരായ്മയുണ്ടെന്ന് മസ്ക് അംഗീകരിക്കുന്നുണ്ട്. ഒരു ഉപയോക്താവിൻ്റെ ഇടപെടലിന് പിന്നിലെ കൃത്യമായ ഉദ്ദേശ്യം അൽഗോരിതം മനസ്സിലാക്കുന്നില്ലെന്ന് മസ്ക് ചൂണ്ടിക്കാട്ടി. "നിർഭാഗ്യവശാൽ, ഒരു കണ്ടൻ്റ് ഇഷ്ടപ്പെടാതെ പ്രകോപിതരായിക്കൊണ്ട് നിങ്ങൾ ഒരു സുഹൃത്തുക്കൾക്ക് കൈമാറുകയാണെങ്കിൽ അത് തിരിച്ചറിയാൻ ഞങ്ങൾക്ക് സാധിക്കില്ല", മസ്ക് വ്യക്തമാക്കി.

അൽഗോരിതത്തിൻ്റെ തന്ത്രങ്ങൾ പങ്കുവെച്ചെത്തിയ പോസ്റ്റിന് പിന്നാലെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വില കൽപ്പിക്കുന്ന പ്ലാറ്റ്‌ഫോമാണ് എക്സെന്ന് വിവരിക്കുന്ന മസ്കിൻ്റെ കുറിപ്പുമെത്തി. ബ്രസീല്‍ സുപ്രീം കോടതി ജസ്റ്റിസ് അലക്സാണ്ടർ ഡി മോറെസ് ബ്രസീലിൽ എക്സിന് വിലക്ക് കൽപിച്ച സാഹചര്യത്തിലാണ് മസ്കിൻ്റെ രണ്ടാം പോസ്റ്റ്. "എനിക്ക് അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണക്കുന്ന പോസ്റ്റുകൾ ഇഷ്ടമാണ്. എക്സും അഭിപ്രായ സ്വാതന്ത്ര്യവും നീണാൾ വാഴട്ടെ. വേണ്ടിവന്നാൽ ബ്രസീലിലെ സ്വേച്ഛാധിപതിക്കെതിരെ ഞാൻ ഒറ്റക്ക് പോരാടും." മസ്ക് കുറിച്ചു.

ഇലോണ്‍ മസ്ക്, ജസ്റ്റിസ് അലക്സാണ്ടർ ഡി മോറെസ്

കഴിഞ്ഞ ദിവസമാണ് ബ്രസീൽ എക്സിന് വിലക്കേർപ്പെടുത്തിയത്. കമ്പനിക്കെതിരായ കേസില്‍ സമയ പരിധിക്കുള്ളില്‍ നിയമ പ്രതിനിധിയെ നാമനിർദേശം ചെയ്യാന്‍ സാധിക്കാത്തതിനെ തുടർന്നാണ് നടപടി. ബ്രസീലിലെ എക്സിന്‍റെ പ്രവർത്തനങ്ങള്‍ സമഗ്രവും സമ്പൂർണവും സത്വരവുമായി റദ്ദാക്കിയതായാണ് മോറെസിന്‍റെ ഉത്തരവ്. 24 മണിക്കൂറിനുള്ളില്‍ ഇത് നടപ്പാക്കാന്‍ എല്ലാവിധ നടപടികളും കൈക്കൊള്ളാന്‍ ദേശീയ ടെലി കമ്മ്യൂണിക്കേഷന്‍ ഏജന്‍സിക്ക് ജസ്റ്റിസ് നിർദേശവും നല്‍കി. എക്സ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിന് സാങ്കേതികപരമായ തടസങ്ങള്‍ സൃഷ്ടിക്കാന്‍ ഗൂഗിള്‍, ആപ്പിള്‍, ഇന്‍റർനെറ്റ് സേവനദാതാക്കള്‍ എന്നിവരോടും ആവശ്യപ്പെട്ടിട്ടുണ്ട്.


ഇലോണ്‍ മസ്കും അലക്സാണ്ടർ മോറെസും തമ്മില്‍ മാസങ്ങളായി കോടതിക്കുള്ളിലും പുറത്തും വാദപ്രതിവാദങ്ങള്‍ നടന്നു വരികയാണ്. വ്യാജമായ വിവരങ്ങള്‍ ഇന്‍റർനെറ്റില്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് മോറെസ് നിരവധി എക്സ് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ അക്കൗണ്ടുകള്‍ റീ ആക്ടിവേറ്റ് ചെയ്യുമെന്ന വെല്ലുവിളിയുമായി എക്സ് ഉടമ ഇലോണ്‍ മസ്ക് രംഗത്തെത്തി. ഇതാണ് പിന്നിട് നിയമ പോരാട്ടത്തില്‍ ചെന്നെത്തിയത്. കമ്പനിക്ക് പുതിയ നിയമ പ്രതിനിധിയെ നിയമിക്കാന്‍ 24 മണിക്കൂർ സമയമാണ് ബുധനാഴ്ച സുപ്രീം കോടതി നല്‍കിയിരുന്നത്. ബ്രസീലിലെ സെന്‍സർഷിപ്പ് നിയമങ്ങള്‍ എക്സ് പാലിക്കുന്നില്ല എന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ ജസ്റ്റിസ് മോറെസിന്‍റെ രാഷ്ട്രീയ എതിരാളികളെ സമൂഹ മാധ്യമത്തില്‍ സെന്‍സർ ചെയ്യാത്തതിനാണ് നടപടി എന്നായിരുന്നു മസ്കിന്‍റെ ആരോപണം.

SCROLL FOR NEXT