NEWSROOM

ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണം: മസ്ക് ചെലവഴിച്ചത് 75 മില്ല്യൺ

2024 പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പുറത്തു നിന്നുള്ള വിവിധ ഗ്രൂപ്പുകളുടെ സഹായത്തോടെ വോട്ട് സമാഹരിക്കാനാണ് റിപ്പബ്ലിക്കന്‍ പാർട്ടി ശ്രമിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

മുന്‍ യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഭീമമായ തുക ചെലവഴിച്ച് ഇലോണ്‍ മസ്ക്. മൂന്ന് മാസത്തില്‍ 75 മില്ല്യണ്‍ ഡോളറാണ് മസ്ക് റിപ്പബ്ലിക്കന്‍ പാർട്ടി സ്ഥാനാർഥിക്കായി മുടക്കിയത്.  അമേരിക്ക പിഎസി എന്ന 'സൂപ്പർ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി' മുഖാന്തരം ചെലവഴിച്ച തുകയുടെ വിവരങ്ങള്‍  ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷനാണ് പുറത്തുവിട്ടത്.

തെരഞ്ഞെടുപ്പില്‍ നിർണായകമായ ബാറ്റില്‍ ഗ്രൗണ്ട് സ്റ്റേറ്റുകളില്‍ അമേരിക്ക പിഎസി ജൂലൈ മുതല്‍ സെപ്റ്റംബർ വരെ മസ്ക് നല്‍കിയ തുകയില്‍ 75 മില്ല്യണ്‍ ചെലവഴിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യുഎസ്  തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത് സ്ഥാനാർഥികള്‍ക്കായി ഫണ്ട് സ്വരൂപിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഇത്തരം പിഎസികളും സൂപ്പർ പിഎസികളുമാണ്. കോർപ്പറേഷനുകൾ, യൂണിയനുകൾ, അസോസിയേഷനുകൾ, വ്യക്തികൾ എന്നിവരിൽ നിന്ന് പരിധിയില്ലാത്ത തുക സമാഹരിക്കാനും സ്ഥാനാർഥികൾക്ക് അനുകൂലമായോ പ്രതികൂലമായോ പരിധിയില്ലാത്ത തുകകൾ ചെലവഴിക്കാനും സാധിക്കുന്ന കമ്മിറ്റികളാണ് സൂപ്പർ പിഎസി. 

ട്രംപിന് അനുകൂലമായി പ്രവർത്തിക്കുന്ന മറ്റ് സൂപ്പർ പിഎസികളേക്കാള്‍ കൂടുതല്‍ തുകയാണ് മസ്ക് അമേരിക്ക പിഎസി വഴി ചെലവഴിച്ചിരിക്കുന്നത്. 2024 പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പുറത്തു നിന്നുള്ള വിവിധ ഗ്രൂപ്പുകളുടെ സഹായത്തോടെ വോട്ട് സമാഹരിക്കാനാണ് റിപ്പബ്ലിക്കന്‍ പാർട്ടി ശ്രമിക്കുന്നത്. മസ്ക് അടക്കമുള്ളവരുടെ നിരവധി സൂപ്പർ പിഎസികള്‍ ട്രംപിന്‍റെ പ്രചരണത്തെ സഹായിക്കാനായി പ്രവർത്തിക്കുന്നുണ്ട്.

അമേരിക്ക പിഎസിക്ക് നല്‍കിയ സംഭാവനകൾ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രധാനപ്പെട്ട ഫണ്ട് ദാതാക്കളുടെ പട്ടികയിലേക്ക് മസ്കിനെ ഉയർത്തിയിരിക്കുകയാണ്. ബാങ്കിങ് മേഖലയില്‍ നിന്നുള്ള‌ ബില്ല്യണറായ തിമോത്തി മെലോണും കസിനോ വ്യവസായത്തിലെ ശതകോടീശ്വരൻ മിറിയം അഡള്‍സണുമാണ് പട്ടികയിലെ മറ്റ് പ്രധാന പേരുകാർ. 
എന്നാല്‍, സംഭാവനകളെപ്പറ്റി അമേരിക്ക പിഎസിയും ഇലോണ്‍ മസ്കും പ്രതികരണങ്ങളൊന്നും നടത്തിയില്ല.

Also Read: 'ഗാസയിലേക്കുള്ള സഹായങ്ങള്‍ തടസപ്പെടുത്തരുത്'; മറിച്ചായാല്‍ ഇസ്രയേലിനെതിരെ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് യുഎസ്

മുന്‍ കാലങ്ങളില്‍ ഡെമോക്രാറ്റിക് പാർട്ടിക്ക് വോട്ട് ചെയ്തിരുന്നു എന്ന് അവകാശപ്പെടുന്ന മസ്ക് ഇത്തവണ വലതുപക്ഷമായ റിപ്പബ്ലിക്കന്‍ പാർട്ടിക്കാണ് പിന്തുണ നല്‍കിയിരിക്കുന്നത്. ജൂലൈയില്‍ ട്രംപിന് പരസ്യ പിന്തുണ അറിയിച്ചിരുന്ന മസ്ക് കഴിഞ്ഞ മാസം പെനിസില്‍വാനിയയിലെ റാലിയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാർഥിക്കൊപ്പം വേദിയും പങ്കിട്ടിരുന്നു.

ട്രംപ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുകയും എന്നാൽ വോട്ട് ചെയ്യാതിരിക്കുകയും ചെയ്യുന്ന സമ്മതിദായകരെ വോട്ടിങ്ങിനു പ്രോത്സാഹിപ്പിക്കുന്നതിലാണ് അമേരിക്ക പിഎസി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറ്റ് പിഎസികളേക്കാള്‍ വൈകിയാണ് അമേരിക്ക പിഎസി പ്രവർത്തനം ആരംഭിച്ചത്. വീടുകള്‍ കയറിയുള്ള പ്രചരണത്തിന് കോണ്‍ട്രാക്ടർമാരെ കണ്ടെത്തുന്നതിനടക്കം നിരവധി പ്രതിസന്ധികള്‍ ഇവർ നേരിട്ടിരുന്നു. സെപ്റ്റംബർ അവസാനമാകുമ്പോഴേക്കും 4 മില്ല്യണ്‍ ഡോളറാണ് അമേരിക്ക പിഎസിയുടെ പക്കല്‍ അവശേഷിക്കുന്നത്.

Also Read: "കൂടുതൽ ചോദ്യങ്ങളൊന്നും വേണ്ട, നമുക്ക് സംഗീതം കേൾക്കാം" തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നൃത്തച്ചുവടുകളുമായി ട്രംപ്

അതേസമയം, ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷന്‍റെ കണക്കുകള്‍ പ്രകാരം ട്രംപിനെ അനുകൂലിക്കുന്ന മറ്റൊരു സൂപ്പർ പിഎസിക്ക് കാസിനോ ശൃംഖലകളുടെ തലവന്‍ മിറിയം അഡള്‍സണ്‍ 95 മില്ല്യണ്‍ ഡോളർ സംഭാവന ചെയ്തു. നവംബർ 5നാണ് യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. നിലവില്‍ ആരാണ് വിജയിക്കുകയെന്നത് അപ്രവചനീയമാണ്. ബാറ്റില്‍ ഗ്രൗണ്ട് സ്റ്റേറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് കമല ഹാരിസും ട്രംപും.

SCROLL FOR NEXT