തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാരന് ക്രൂരമർദനം. ഉത്തർപ്രദേശ് ഫൈസാബാദ് സ്വദശി പപ്പു കുമാറിനാണ് മർദനമേറ്റത്. തൃശൂർ ഭാഗത്ത് നിന്നെത്തിയ ടോറസ് ലോറി ഡ്രൈവറാണ് ജീവനക്കാരനെ മർദിച്ചത്. ശനിയാഴ്ച രാത്രി 11.30 നാണ് സംഭവമുണ്ടായത്.
ലോറിയിലെ ഫാസ്‌ടാഗ് റീഡാകാത്തതിനെ തുടർന്ന് വാഹനം നീക്കിയിടാൻ ജീവനക്കാരൻ പറഞ്ഞതാണ് ലോറി ഡ്രൈവറെ പ്രകോപിപ്പിച്ചത്. തുടർന്ന് ടോൾ ബൂത്തിനുള്ളിൽ അതിക്രമിച്ച് കയറി പപ്പു കുമാറിനെ മർദിക്കുകയായിരുന്നു. മുഖത്തും കഴുത്തിലുമാണ് പപ്പു കുമാറിന് അടിയേറ്റത്.
പപ്പു കുമാറിന്‍റെ പരാതിയിൽ പുതുക്കാട് പൊലീസ് കേസ് എടുത്തു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചേർപ്പ് സ്വദേശിയാണ് പിടിയിലായത്.