NEWSROOM

ബുക്ക് മൈ ഷോയിലൂടെ 24 മണിക്കൂറില്‍ ആറര ലക്ഷം ടിക്കറ്റുകള്‍; റിലീസിന് മുമ്പ് റെക്കോര്‍ഡ് തീര്‍ത്ത് എമ്പുരാന്‍

മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്

Author : ന്യൂസ് ഡെസ്ക്


മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ റിലീസിന് മുമ്പേ ഇന്ത്യന്‍ സിനിമയില്‍ പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ചു മുന്നേറുന്നു. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് മാര്‍ച്ച് 21 ന് രാവിലെ 9 മണിക്കാണ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ചു 24 മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ ആറര ലക്ഷം ടിക്കറ്റുകള്‍ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷന്‍ വഴി മാത്രം ചിത്രത്തിന്റേതായി ഇന്ത്യയില്‍ വിറ്റഴിഞ്ഞത്. ഇത് ഇന്ത്യന്‍ സിനിമയിലെ തന്നെ പുതിയ റെക്കോര്‍ഡ് ആണ്. 24 മണിക്കൂറില്‍ ഒരു ഇന്ത്യന്‍ ചിത്രത്തിന് ഇത്രയധികം ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലൂടെ വിറ്റ് പോകുന്നത് ഇതാദ്യമായാണ്. ഇന്ത്യന്‍ സിനിമയിലെ മറ്റ് ബിഗ് ബജറ്റ് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളുടെയെല്ലാം റെക്കോര്‍ഡുകള്‍ ഇതിലൂടെ എമ്പുരാന്‍ ഭേദിച്ചു. പുഷ്പ 2 (219k), ജവാന്‍(253k), ലിയോ (126k) , കല്‍ക്കി 2898 എഡി (330k) എന്നീ ചിത്രങ്ങളുടെ റെക്കോർഡാണ് ചിത്രം ഭേദിച്ചത്. ബുക്കിംഗ് ട്രെന്‍ഡിംഗില്‍ ഒരു മണിക്കൂറില്‍ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകള്‍ വിറ്റും ചിത്രം ഇന്നലെ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. മാര്‍ച്ച് 27 നു ആഗോള റിലീസായി എത്തുന്ന ചിത്രം ഇന്ത്യന്‍ സമയം രാവിലെ ആറ് മണി മുതല്‍ ആഗോള പ്രദര്‍ശനം ആരംഭിക്കും. ചിത്രത്തിന്റെ തമിഴ്‌നാട് ഡിസ്ട്രിബ്യൂഷന്‍ ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തടാനി നേതൃത്വം നല്‍കുന്ന എ എ ഫിലിംസ് ആണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്. 2019 ല്‍ റീലീസ് ചെയ്ത ബ്ലോക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ചിത്രത്തിന്റെ വിദേശ ബുക്കിംഗ് ദിവസങ്ങള്‍ക്ക് മുമ്പേ ആരംഭിക്കുകയും ഇതിനോടകം 17 കോടി രൂപക്ക് മുകളില്‍ പ്രീ സെയില്‍സ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. അതും മലയാള സിനിമയിലെ പുതിയ റെക്കോര്‍ഡ് ആണ്.

മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങള്‍.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ഛായാഗ്രഹണം- സുജിത് വാസുദേവ്, സംഗീതം- ദീപക് ദേവ്, എഡിറ്റര്‍- അഖിലേഷ് മോഹന്‍, കലാസംവിധാനം- മോഹന്‍ദാസ്, ആക്ഷന്‍- സ്റ്റണ്ട് സില്‍വ, ക്രിയേറ്റിവ് ഡയറക്ടര്‍ - നിര്‍മല്‍ സഹദേവ്.


SCROLL FOR NEXT