NEWSROOM

ചർച്ചകൾക്കൊടുവിൽ എമ്പുരാൻ്റെ ബജറ്റ് പുറത്ത്; അഞ്ചു ദിവസത്തിൽ തിയേറ്റർ കളക്ഷൻ 24 കോടിയെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ കണക്ക്

എമ്പുരാൻ്റെ ബജറ്റിനെ കുറിച്ച് ജി സുരേഷ് കുമാര്‍ സംസാരിച്ചതിനെതിരെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

ദേശീയ തലത്തിൽ വരെ ഏറെ വിവാദങ്ങൾ ഉയർത്തിയ ചിത്രമായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ. ഇപ്പോഴിതാ മാർച്ച് മാസത്തെ തീയേറ്റർ ഷെയറും ബജറ്റ് കണക്കുകളും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തു വിട്ടിരിക്കുകയാണ്. എമ്പുരാൻ്റെ യഥാർത്ഥ ബജറ്റാണ് പുറത്തുവന്നിരിക്കുന്നത്.

175. 65 കോടിയാണ് എമ്പുരാൻ്റെ ബജറ്റ്. ചിത്രം അഞ്ചു ദിവസം കൊണ്ട് തീയേറ്ററിൽ നിന്ന് നേടിയത് 24 കോടി രൂപയാണ്. നിലവിലെ കണക്കുകൾ പ്രകാരം കഴിഞ്ഞ മാസത്തിൽ നേട്ടമുണ്ടാക്കിയ ചിത്രം എമ്പുരാൻ മാത്രമാണ്. മാർച്ച് മാസം റിലീസ് ചെയ്ത സിനിമകളിൽ നിലവിൽ പ്രദർശനം തുടരുന്നത് അഞ്ചെണ്ണം മാത്രമാണ്.

എമ്പുരാൻ്റെ ബജറ്റ്- കളക്ഷൻ കണക്കുകൾ നേരത്തേയും വാർത്തകളിൽ നിറഞ്ഞിരുന്നു.സിനിമയുടെ ബജറ്റിന്റെ പേരിൽ നിർമാതാക്കളുടെ സംഘടനയും ആന്റണി പെരുമ്പാവൂരും തമ്മിലുണ്ടായ വാക്പോരും ഏറെ ശ്രദ്ധ നേടിയിരുന്നു.നിർമാതാക്കളിൽ ഒരാളായ ആന്റണി പെരുമ്പാവൂരിനോട് പലപ്പോഴും മാധ്യമപ്രവർത്തകർ ഈ ചോദ്യം ചോദിച്ചപ്പോൾ ബജറ്റ് വിവരങ്ങൾ ആന്റണി വെളിപ്പെടുത്തിയിരുന്നില്ല.

എന്നാൽ ‘എമ്പുരാൻ്റെ ബജറ്റിനെ കുറിച്ച് ജി സുരേഷ് കുമാര്‍ സംസാരിച്ചതിനെതിരെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. എമ്പുരാന്‍ ബജറ്റ് 140 കോടിയിലേറെ വരുമെന്ന് വിമര്‍ശന രൂപേണ സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.അതോടൊപ്പം തന്നെ മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും നൂറുകോടി ക്സബ്ബുകൾ നിർമാതാക്കളുടെ നുണക്കഥകളാണെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു.

സുരേഷ് കുമാറിൻ്റെ വിമർശനത്തെ തള്ളിക്കൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ആൻറണി പെരുമ്പാവൂർ മറുപടി നൽകിയത്.ചിത്രത്തിന്‍റെ ബജറ്റ് 150 കോടി എന്നാണ് താന്‍ വായിച്ചതെന്ന് ഒറു അഭിമുഖത്തിൽ അവതാരക പറയുമ്പോള്‍ അല്ല എന്ന് പൃഥ്വിരാജ് ഉടനടി മറുപടി പറയുന്നുണ്ട്. "സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് എത്രയെന്നാണോ തോന്നുന്നത് അതാണ് ഈ സിനിമയുടെ ബജറ്റ്. എന്നാണ് പൃഥ്വിരാജ് മറുപടി നൽകിയത് താങ്കള്‍ പറഞ്ഞതല്ല (150 കോടി) യഥാര്‍ഥ ബജറ്റ് എന്ന് അവതാരകയോട് മോഹന്‍ലാലും പറയുന്നുണ്ട്.

ഗോകുലം ഗോപാലൻ ചിത്രത്തിന്റെ ബജറ്റുമായി ബന്ധപ്പെട്ട് അടുത്തിടെ ഒറു സൂചന നൽകിയതിൽ 180 കോടിയോളം എന്നായിരുന്നു പറഞ്ഞിരുന്നത്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് എമ്പുരാൻ നിര്‍മിച്ചിരിക്കുന്നത്.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിൽ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖേഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി. മേനോന്‍, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്‌സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മാര്‍ച്ച് 27 നായിരുന്നു ചിത്രം റിലീസ് ചെയ്തത്.


SCROLL FOR NEXT