NEWSROOM

'ചുംബിക്കാന്‍ മാത്രമല്ല, അഭിനയിക്കാനും അറിയാം, എന്ന് ആളുകള്‍ പറഞ്ഞു'; ഷാങ്ഹായിയെക്കുറിച്ച് ഇമ്രാന്‍ ഹാഷ്മി

ദിബാകര്‍ ബാനര്‍ജി സംവിധാനം ചെയ്ത ഷാങ്ഹായി ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ്

Author : ന്യൂസ് ഡെസ്ക്



പ്രേക്ഷകര്‍ ഓണ്‍സ്‌ക്രീനില്‍ ചുംബിക്കാനുള്ള തന്റെ കഴിവിന് പുറമെ അഭിനയത്തെയും പ്രശംസിച്ച സന്ദര്‍ഭത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി. റണ്‍വീര്‍ ഷോ എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. തന്റെ കരിയറിലെ വളരെ പ്രധാനപ്പെട്ട ഒരു അവസരത്തല്‍ തനിക്ക് ഒരുപാട് സ്‌നേഹം പ്രേക്ഷകരില്‍ നിന്ന് ലഭിച്ചുവെന്നും താരം പറഞ്ഞു.


'2008 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തില്‍ ഞാന്‍ നാല് അഞ്ച് ബ്ലോക്ബസ്റ്ററുകള്‍ നല്‍കിയിരുന്നു. ജന്നത്ത് 2, റാസ് 2, റാസ് 3, ദ ഡേര്‍ട്ടി പിക്ചര്‍, മര്‍ഡര്‍ 2, വണ്‍സ് അപ്പൂണ്‍ എ ടൈം ഇന്‍ മുംബൈ എന്നീ സിനിമകളായിരുന്നു അവ. പിന്നെ എനിക്ക് മികച്ച നിരൂപക പ്രശംസ ലഭിച്ച ഒരു ചിത്രം കൂടി ലഭിച്ചു. അത് ബോക്‌സ് ഓഫീസില്‍ വലിയ പ്രകടനം കാഴ്ച്ച വെച്ചില്ല', എന്നാണ് ഇമ്രാന്‍ ഹാഷ്മി പറഞ്ഞത്.

നിരൂപക പ്രശംസ നേടിയ ചിത്രമായ ഷാങ്ഹായി കാരണം പ്രേക്ഷകര്‍ എങ്ങനെയാണ് തന്റെ അഭിനയ മികവിനെ കുറിച്ച് സംസാരിച്ചതെന്നും ഇമ്രാന്‍ പറഞ്ഞു. 'ചുംബിക്കാന്‍ മാത്രമല്ല, അവന് അഭിനയിക്കാനും അറിയാം, എന്ന് ആളുകള്‍ പറഞ്ഞു. ആ സിനിമ ഷാങ്ഹായി ആയിരുന്നു. അതിന് എനിക്ക് നിരൂപക പ്രശംസ ലഭിച്ചു. രണ്ട് ലോകത്തു നിന്നും എനിക്ക് മികച്ച പ്രതികരണം ലഭിച്ചു. ആ സമയത്ത് വിജയത്തിന്റെ കാര്യത്തില്‍ എന്റെ കരിയര്‍ മുന്നിലായിരുന്നു. അനുഭവങ്ങള്‍ എല്ലായിപ്പോഴും നല്ലതായിരുന്നു. എന്റെ കരിയറില്‍ ഉടനീളം എനിക്ക് നല്ല അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്', എന്നും താരം കൂട്ടിച്ചേര്‍ത്തു.


ദിബാകര്‍ ബാനര്‍ജി സംവിധാനം ചെയ്ത ഷാങ്ഹായി ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ്. ഫരൂദ് ഷെയ്ഖ്, അഭയ് ദിയോള്‍, കല്‍ക്കി കോച്ച്‌ലിന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 2012ലാണ് ചിത്രം റിലീസ് ചെയ്തത്. അതേസമയം ഗ്രൗണ്ട് സീറോ എന്ന ചിത്രമാണ് ഇമ്രാന്‍ ഹാഷ്മിയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. തേജസ് ദേസോക്കര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രം ഏപ്രില്‍ 25ന് തിയേറ്ററിലെത്തും.

SCROLL FOR NEXT