കേരള പൊലീസിലെ ഉന്നതർക്കെതിരെയുള്ള പി.വി. അന്‍വർ എംഎല്‍എയുടെ ആരോപണങ്ങളില്‍ കേരളം കണ്ണും കാതും കൂർപ്പിച്ചിരിക്കുന്ന നാളുകളാണിത്. എംഎല്‍എയുടെ വാർത്താസമ്മേളന വെളിപ്പെടുത്തലുകളും തുടർന്നുള്ള പ്രതികരണങ്ങളുടെ വാർത്തകളില്‍ നിറയുന്ന സമയം. ഭരണപക്ഷ എംഎല്‍എയുടെ ആരോപണങ്ങള്‍ പ്രതിരോധത്തിലാക്കിയത് സംസ്ഥാന സർക്കാരിനെയാണ്. കേരളത്തിൽ പൊലീസ് സർക്കാരിനെ പ്രതിസന്ധിയിൽ ആക്കുന്നത് ആദ്യമായല്ല. ഒന്നാം ഇഎംഎസ് സർക്കാർ മുതൽ പൊലീസ് നടപടികളുടെ പേരിൽ അഗ്നിപരീക്ഷകൾ നേരിട്ടിട്ടുണ്ട്.
1957ലെ ഒന്നാം ഇഎംഎസ് സർക്കാരിന് വെറും 28 മാസങ്ങള്‍ മാത്രമായിരുന്നു ആയുസ്. 1959 ജൂലൈ അവസാനം ഇ.എം.എസ് സര്‍ക്കാരിനെ പിരിച്ചുവിടുമ്പോള്‍, അതിന് കാരണമായത് പൊലീസിന്‍റെ തുടർച്ചയായ ജനവിരുദ്ധ നടപടികളായിരുന്നു. സമരങ്ങളെ തോക്കുകൊണ്ട് നേരിട്ട പൊലീസിനെ ന്യായീകരിച്ച പാർട്ടി നേതൃത്വവും സർക്കാരിന്‍റെ പൊലീസ് നയവുമെല്ലാം ആ ഭരണതകർച്ചയ്ക്ക് കാരണമായി. 1959ല്‍ ഏഴുപേർ കൊല്ലപ്പെട്ട അങ്കമാലി വെടിവെപ്പും അതിന്‍റെ തുടർച്ചയായി പുല്ലുവിളയിലും വെട്ടുകാട്ടിലും ചെറിയതുറയിലുമുണ്ടായ വെടിവെപ്പുകളുമാണ് ഇഎംഎസ് സർക്കാരിനെ വീഴ്ത്തിയത്. ജൂലൈ 3ന് ചെറിയതുറയില്‍ പ്രകോപനമില്ലാതെയുള്ള പൊലീസ് വെടിവെപ്പില്‍ അഞ്ചുമാസം ഗർഭിണിയായ ഫ്ളോറി കൊല്ലപ്പെട്ടതായിരുന്നു അതില്‍ അവസാനത്തെ അധ്യായം.
പൊലീസ് രാജ് നടമാടിയ അടിയന്തരാവസ്ഥ കാലത്ത് കേരളത്തിന്‍റെ പൊലീസ് മന്ത്രിയായിരുന്ന കെ. കരുണാകരന് പിന്നീട് മുഖ്യമന്ത്രി കസേരയില്‍ ഉറച്ചിരിക്കാനാകാത്തതും ചരിത്രം. സ്റ്റേഷന്‍ ആക്രമണമാരോപിച്ച് 1976ല്‍ പൊലീസ് പിടിച്ചുകൊണ്ടുപോയ രാജന്‍റെ കസ്റ്റഡി കൊലപാതകമാണ് അതിനു കാരണമായത്. മുഖ്യമന്ത്രിയായി അധികാരത്തിലേറിയപ്പോഴാണ് ആ ക്രൂരകൃത്യത്തിന് കെ. കരുണാകരന്‍ മറുപടി കൊടുക്കേണ്ടി വന്നത്. ആ സത്യവാങ്മൂലത്തിന്‍റെ പേരിലാണ് രാജിവെയ്ക്കേണ്ടി വന്നതും.
1986 കാലത്തുണ്ടായ തങ്കമണി സംഭവ സമയത്തും കരുണാകരനായിരുന്നു മുഖ്യമന്ത്രി. ഇടുക്കിയിലെ തങ്കമണിയില്‍ ബസ് റൂട്ട് തർക്കവും തുടർന്നുണ്ടായ കല്ലേറും ചെന്നെത്തിയത് പൊലീസിന്‍റെ പകപോക്കലിലും നരനായാട്ടിലുമാണ്. വീടുകയറി ആക്രമണവും, മോഷണവും അടക്കം കുറ്റങ്ങള്‍ സേനയ്ക്കെതിരെ ഉയരുകയും സർക്കാരിനതെല്ലാം അംഗീകരിക്കേണ്ടിയും വന്നു. ഒടുവില്‍, 1987ലെ തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി വന്ന് പ്രചാരണം നടത്തിയിട്ടുപോലും കരുണാകരന്‍ സർക്കാർ വീണു.
1991 ലാണ് വീണ്ടും കെ. കരുണാകരന്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. ആ തവണ രാജിവെപ്പിച്ച് പടിയിറക്കിയത് കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ കളങ്കങ്ങളിലൊന്നായ ഐഎസ്ആർഒ ചാരക്കേസാണ്. 1994-95 കാലഘട്ടത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഐ.ജി. രമണ്‍ ശ്രീവാസ്തവയെ സംരക്ഷിച്ചെന്ന പേരില്‍ 'രാജ്യദ്രോഹി' ആയാണ് കരുണാകരന്‍ പടിയിറങ്ങിയത്.
ALSO READ: പൊലീസ് തട്ടിയെടുത്തത് 192 കോടി രൂപയുടെ സ്വർണം, എടവണ്ണ കൊലക്കേസില്‍ പൊലീസിനും പങ്ക്: പി.വി. അൻവർ
അന്ന് അധികാരത്തിലേറിയ എ.കെ. ആന്‍റണിയെയും പില്‍ക്കാലത്ത് സേന തന്നെ താഴെയിറക്കി. 2003ല്‍ മാറാട് കലാപവും, മുത്തങ്ങാ സമരവും നടക്കുമ്പോള്‍ എ.കെ. ആന്‍റണിയായിരുന്നു മുഖ്യമന്ത്രി. ക്രമസമാധാനത്തിലെ വീഴ്ചയും ആദിവാസി- പിന്നോക്ക വിഭാഗങ്ങള്‍ക്കുമെതിരായ പൊലീസിന്‍റെ കിരാത നടപടികള്‍ക്കും ജനം മറുപടി കൊടുത്തത് 2004 ലോക്സഭാ തെരഞ്ഞെടുപ്പില്‍. ഇതോടെ യുഡിഎഫിന്‍റെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് എ.കെ. ആന്‍റണി രാജിവെയ്ക്കുകയും ചെയ്തു.
ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്തും നെടുങ്കണ്ടത്തെ രാജ്കുമാറിന്‍റേതടക്കം തുടർച്ചയായ കസ്റ്റഡി കൊലപാതകങ്ങള്‍ ആഭ്യന്തര വകുപ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇപ്പോഴിതാ, കേരള പൊലീസ് കൊല്ലിനും കൊലയ്ക്കും കള്ളക്കടത്തിനും വരെ ഗൂഢാലോചന നടത്തുന്നു എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നോക്കുകുത്തിയാകുന്നു എന്നുമടക്കം ആരോപണങ്ങളുയർത്തിയത് ഭരണകക്ഷി എംഎല്‍എ തന്നെയാണ്. പ്രതിപക്ഷം സമരത്തിനിറങ്ങും മുന്‍പ്, എഡിജിപി അജിത് കുമാറിനെ വേദിയിലിരുത്തി അന്വേഷണം പ്രഖ്യാപിച്ചതു മുതല്‍ എസ്പി സുജിത് കുമാറിന്‍റെ സസ്പെന്‍ഷന്‍ വരെ നീളുന്ന നടപടികളിലൂടെയാണ് സർക്കാർ ചെറുത്തുനില്‍പ്പിന് ശ്രമിക്കുന്നത്.