ജമ്മു കശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ 4 സൈനികർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാത്രി ദോഡ ജില്ലയിലെ ദേസ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിറ്റുണ്ട്. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്ത ഓപ്പറേഷൻ ആരംഭിച്ചത്. രാത്രി 9 മണിയോടെ കനത്ത വെടിവയ്പ്പ് നടന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
കഴിഞ്ഞയാഴ്ച കത്വയിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതിന് ശേഷം ജമ്മു മേഖലയിൽ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണിത്. കുറഞ്ഞത് 12 സൈനികരെങ്കിലും ഉണ്ടായിരുന്ന രണ്ട് ട്രക്കുകൾക്ക് നേരെയുള്ള ഏകോപിത ആക്രമണമായിരുന്നു നടന്നത്.
കഴിഞ്ഞ 32 മാസത്തിനിടെ ജമ്മു മേഖലയിൽ 40ലധികം സൈനികരാണ് കൊല്ലപ്പെട്ടത്. പ്രവിശ്യയിലെ 10 ജില്ലകളിലും ഭീതിയുടെ നിഴൽ വ്യാപിച്ചിരിക്കെ, ജമ്മു മേഖലയിൽ മാത്രം 60-ലധികം വിദേശ ഭീകരർ - ജംഗിൾ യുദ്ധത്തിൽ പരിശീലനം നേടിയിട്ടുള്ളതായി റിപ്പോർട്ടുകൾ ഉണ്ട്.
ജമ്മു മേഖലയിലെ ഭീകരത ഇല്ലാതാക്കാൻ സൈന്യത്തിൻ്റെ ഭീകരവിരുദ്ധ ശേഷിയുടെ മുഴുവൻ സ്പെക്ട്രവും വിന്യസിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം സൈന്യത്തോട് ആവശ്യപ്പെട്ടിരുന്നു.