NEWSROOM

ഗോകുലം ഓഫീസുകളില്‍ റെയ്ഡുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; റെയ്ഡ് കോഴിക്കോട്, കൊച്ചി, ചെന്നൈ ഓഫീസുകളില്‍

ഇതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഭിച്ച പരാതിയിലാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്. ഹോളിഡേ ഇന്നുമായി ബന്ധപ്പെട്ട പരാതിയില്‍ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യാനും തീരുമാനിച്ചിരുന്നെന്നാണ് വിവരം.

Author : ന്യൂസ് ഡെസ്ക്



എമ്പുരാന്‍ വിവാദത്തിന് പിന്നാലെ ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക റെയ്ഡ്. കോഴിക്കോട്, കൊച്ചി, ചെന്നൈ ഓഫീസുകളിലടക്കമാണ് റെയ്ഡ് നടക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.

ചിട്ടിക്കമ്പനിയായ ഗോകുലം എറണാകുളം പാലാരിവട്ടത്തെ ഹോളിഡേ ഇന്‍ എന്ന ഹോട്ടല്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ചില പരാതികള്‍ ഉയര്‍ന്നിരുന്നു. സാമ്പത്തിക തിരിമറി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവ നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഭിച്ച പരാതിയിലാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്. ഹോളിഡേ ഇന്നുമായി ബന്ധപ്പെട്ട പരാതിയില്‍ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യാനും തീരുമാനിച്ചിരുന്നെന്നാണ് വിവരം.

എമ്പുരാന്‍ സിനിമയില്‍ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് കാണിച്ച ചില ദൃശ്യങ്ങളില്‍ പ്രകോപിതരായി സംഘപരിവാര്‍ സംഘടനകളും ബിജെപിയുമുള്‍പ്പെടെ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. സിനിമയ്‌ക്കെതിരെ ബഹിഷ്‌കരണ ആഹ്വാനവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിലെ ചില ഭാഗങ്ങളില്‍ മാറ്റം വരുത്തുന്നതായി അണിയറ പ്രവര്‍ത്തകര്‍ തന്നെ അറിയിക്കുകയും ചെയ്തിരുന്നു. ചിത്രത്തില്‍ നിന്ന് രണ്ട് മിനുട്ട് വരുന്ന ഭാഗം ഒഴിവാക്കിയതടക്കം 24 കട്ടുകളാണ് റീ സെന്‍സറിങ്ങില്‍ ചെയ്തത്.

SCROLL FOR NEXT