NEWSROOM

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് രൂപീകരണം; SDPI പ്രവര്‍ത്തകരുടെ വീടുകളില്‍ ഇഡിയുടെ സംസ്ഥാന വ്യാപക റെയ്ഡ്

സംസ്ഥാനത്തെ എസ്ഡിപിഐ നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ചും സാമ്പത്തിക സഹായം നല്‍കിയവരുടെ വീടുകള്‍ കേന്ദ്രീകരിച്ചുമാണ് പരിശോധന നടത്തുന്നത്.

Author : ന്യൂസ് ഡെസ്ക്

എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം.കെ. ഫൈസിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സംസ്ഥാന വ്യാപക റെയ്ഡുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹി, കോഴിക്കോട്, കൊച്ചി യൂണിറ്റുകള്‍ സംയുക്തമായി എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളിലാണ് റെയ്ഡ് നടത്തുന്നത്. രണ്ടാഴ്ച മുമ്പാണ് ഫൈസിയെ അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്തെ എസ്ഡിപിഐ നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ചും സാമ്പത്തിക സഹായം നല്‍കിയവരുടെ വീടുകള്‍ കേന്ദ്രീകരിച്ചുമാണ് പരിശോധന നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്.

പാലക്കാട് ഒറ്റപ്പാലം പനമണ്ണയില്‍ പ്രവാസിയുടെ വീട്ടിലും കോട്ടയത്തും ഇപ്പോഴും പരിശോധന നടത്തി വരികയാണ്. കോട്ടയത്ത് വാഴൂര്‍ ചാമംപതാല്‍ സ്വദേശി നിഷാദ് നടക്കേമുറിയിലിന്റെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഡിവിഷണല്‍ സെക്രട്ടറിയായിരുന്നു നിഷാദ്. നിഷാദിന്റെ വീട്ടില്‍ ഡല്‍ഹി യൂണിറ്റാണ് റെയ്ഡ് നടത്തുന്നത്.

പനമണ്ണയില്‍ പ്രവാസി വ്യവസായി കബീറിന്റെ വീട്ടിലാണ് ഇഡി പരിശോധന നടക്കുന്നത്. കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. വീടിന് സമീപത്തുള്ള ബന്ധുവിനെയും ഇഡി വിളിച്ചു വരുത്തിയിട്ടുണ്ട്.

നേരത്തെ സംസ്ഥാനത്തെ എസ്ഡിപിഐ ഓഫീസുകള്‍ കേന്ദ്രീകരിച്ചും റെയ്ഡുകള്‍ നടത്തിയിരുന്നു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സ്വരൂപിക്കുന്നെന്ന കണ്ടെത്തലിന് പിന്നാലെയായിരുന്നു സംസ്ഥാനത്തെ എസ്ഡിപിഐ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. ദേശീയ പ്രസിഡന്റ് എം.കെ. ഫൈസിയുടെ അറസ്റ്റിനു പിന്നാലെയാണ് റെയ്ഡ്. മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് റെയ്ഡ് നടന്നത്. രാജ്യവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പോപ്പുലര്‍ ഫ്രണ്ട് ഫണ്ടിങ് എസ്ഡിപിഐക്ക് ലഭിച്ചതായി ഇഡി കണ്ടെത്തിയിരുന്നു ഇതിന് പിന്നാലെയാണ് വ്യാപകമായി റെയ്ഡ് നടത്തിയത്.

പിഎഫ്‌ഐ കേഡര്‍മാര്‍ സ്വരൂപിക്കുന്ന പണം എസ്ഡിപിഐയിലൂടെ റൂട്ട് മാറ്റാന്‍ ശ്രമിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഹവാലയടക്കമുള്ള മാര്‍ഗങ്ങളിലൂടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം എത്തിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും റമദാന്‍ കളക്ഷന്റെ പേരിലും പണം സ്വരൂപിച്ചു. ഹജ്ജ് തീര്‍ഥാടന കാലത്ത് ഇന്ത്യക്കാരെ സഹായിക്കാന്‍ എന്ന പേരില്‍ ഫണ്ട് പിരിച്ചിരുന്നു. നിയമസഹായം, കമ്മ്യൂണിറ്റി പിന്തുണ എന്നിവയുടെ പേരിലും ഇ-വാലറ്റുകള്‍ വഴിയും ഇന്ത്യയിലേക്ക് ഫണ്ട് എത്തിയെന്നും ഇഡി പറയുന്നു.

എസ്ഡിപിഐയുടെ സാമ്പത്തിക ബുദ്ധി കേന്ദ്രം ദേശീയ അധ്യക്ഷന്‍ എം.കെ. ഫൈസി തന്നെയെന്ന് ഇഡി പറഞ്ഞു. എം.കെ. ഫൈസിയുടെ അറിവോടെയാണ് സംഘടനയുടെ സാമ്പത്തിക ഇപാടുകള്‍ നടന്നതെന്നും ഇഡി വ്യക്തമാക്കി.

എസ്ഡിപിഐയെ നിയന്ത്രിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും പോപ്പുലര്‍ ഫ്രണ്ടാണെന്ന് ഇഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദൈനംദിന പ്രവര്‍ത്തനത്തിന് പണം നല്‍കുന്നതും പോപ്പുലര്‍ ഫ്രണ്ടാണ്. രണ്ട് സംഘടനകള്‍ക്കുമുള്ളത് ഒരേ നേതൃത്വവും അണികളുമാണ്. നയരൂപീകരണം, തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കല്‍, പൊതു പരിപാടികള്‍, കേഡര്‍ മൊബിലൈസേഷന്‍, എന്നിവയ്ക്കെല്ലാം എസ്ഡിപിഐ പിഎഫ്ഐയെ ആശ്രയിച്ചിരുന്നു. ഇതിന്റെ തെളിവുകളാണ് കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാനത്തു നിന്നും ഇഡി കണ്ടെത്തിയത്

എസ്ഡിപിഐക്ക് വേണ്ടി വിദേശരാജ്യങ്ങളില്‍ നിന്നടക്കം പോപ്പുലര്‍ ഫ്രണ്ട് പണം പിരിച്ചു. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി 3.75 കോടി രൂപ നല്‍കിയതിന്റെ രേഖകളും ലഭിച്ചു. എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം.കെ. ഫൈസിയാണ് രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനത്തിനായി പിഎഫ്ഐ പിരിച്ച പണത്തിന്റെ വിഹിതം കൈപ്പറ്റിയത്. 12 തവണ നോട്ടീസ് നല്‍കിയിട്ടും എം.കെ. ഫൈസി ഹാജരായില്ലെന്ന് ഇഡി പറഞ്ഞു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.

SCROLL FOR NEXT