ടെസ്റ്റിൽ ഏഴ് സെഞ്ചുറി, അതും ഏഴ് രാജ്യങ്ങൾക്കെതിരെ... ടെസ്റ്റ് ക്രിക്കറ്റിൻ്റെ 147 വർഷത്തെ ചരിത്രത്തിൽ അത്യപൂർവ്വ റെക്കോർഡിനുടമയായി ഇംഗ്ലണ്ടിൻ്റെ മധ്യനിര ബാറ്റർ ഒലീപോപ്. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ പോപ്പിൻ്റെ സെഞ്ചുറി മികവിൽ ഇംഗ്ലണ്ട് 325 റൺസിന് പുറത്തായിരുന്നു.
ബേസ് ബോൾ ശൈലിയിൽ ആക്രമണാത്മക ശൈലിയിൽ വീശിയടിച്ച പോപ് രണ്ടാം ദിനം 156 പന്തിൽ നിന്ന് 154 റൺസെടുത്താണ് പുറത്തായത്. രണ്ട് സിക്സറും 19 ബൗണ്ടറികളും ഉൾപ്പെടുന്നതായിരുന്നു ലോകോത്തര ഇന്നിംഗ്സ്. ഇംഗ്ലീഷ് നിരയിൽ ഓപ്പണർ ബെൻ ഡക്കറ്റും 79 പന്തിൽ 86 തിളങ്ങി. ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിലെ പിച്ചിൽ മറ്റാർക്കും കാര്യമായി തിളങ്ങാനായില്ല. മൂന്ന് വിക്കറ്റെടുത്ത മിലൻ രത്നായകെ ആണ് ലങ്കൻ ബൗളർമാരിൽ മുന്നിൽ.
മറുപടി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്ക 19.1 ഓവറിൽ 110/5 എന്ന നിലയിൽ തകർച്ച നേരിടുകയാണ്. ആദ്യ രണ്ട് ടെസ്റ്റുകളും തോറ്റ ലങ്ക പരമ്പരയിൽ 2-0ന് പിന്നിലാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ധനഞ്ജയ് ഡിസിൽവയും (6), കമിൻഡു മെൻഡിസുമാണ് (13) ക്രീസിലുള്ളത്.