സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കൊല്ലത്ത് നടക്കുന്ന എൻ്റെ കേരളം പ്രദർശന മേളയിലെ ശ്രദ്ധാകേന്ദ്രമാണ് കസബാ ജയിൽ. ജയിലിന്‍റെ മാതൃക ഒരുക്കി വൈക്കം മുഹമ്മദ് ബഷീറിന്‍റെ ജയിൽ ജീവിതം പുതുതലമുറക്ക് പരിചയപ്പെടുത്തുകയാണ് പൊലീസ്. ബഷീറിൻ്റെ മകൻ അനീസ് ബഷീറും മേളയിലെ കസബാ ജയിൽ സന്ദർശിച്ചു.
പിതാവിൻ്റെ വാക്കുകളിലൂടെ പരിചിതമായ കൊല്ലത്തെ കസബ ജയിലിൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ മകൻ അനീസ് ബഷീറെത്തി. ജയിലിനുള്ളിലെ ഇരുമ്പഴിക്കുള്ളിൽ നിന്ന് പിതാവിൻ്റെ സ്മരണകള്‍ മകൻ ഓർത്തെടുത്തു. തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യർക്ക് എതിരെ ദീപം പത്രത്തിൽ ധർമരാജ്യം എന്ന ലേഖനമെഴുതിയിരുന്നു ബഷീർ. ഇതേ തുടർന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജയിലിലും എഴുത്ത് തുടർന്ന ബഷീർ ഇടിയൻ പണിക്കർ, ടൈഗർ, പൊലീസുകാരൻ്റെ മകൻ എന്നീ കൃതികൾ രചിച്ചതും കസബ ജയിലിനുളളിൽ വച്ചാണ്.
എൻ്റെ കേരളം പ്രദർശന വേദിയിൽ കസബ ജയിലും അക്കാലത്ത് പൊലീസ് ഉപയോഗിച്ച തോക്കുകളും പ്രദർശനത്തിനെത്തിച്ചിരുന്നു. ബഷീറെന്ന കഥാകാരൻ്റെ ജീവിതം കലാപരമായി അവതരിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞാണ് അനീസ് ബഷീർ പ്രദർശന വേദിയിൽ നിന്ന് മടങ്ങിയത്.