NEWSROOM

'തെറ്റുവരുത്താന്‍ അർഹതയുണ്ട്'; വീണ്ടും വിവാദ പരാമർശവുമായി സാം പിത്രോദ

തെരഞ്ഞെടുപ്പ് സമയത്ത് സ്വത്ത് പിന്തുടർച്ചാ നികുതിയില്‍ പിത്രോദ നടത്തിയ പരാമർശങ്ങള്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു

Author : ന്യൂസ് ഡെസ്ക്

കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി കോൺഗ്രസ് ഓവർസീസ് ചെയർമാൻ സാം പിത്രോദ. വിവാദങ്ങളില്‍ നിന്ന് മാറിനില്‍ക്കുമെന്ന ഓവർസീസ് ചെയർമാനിൽ നിന്നും ഉറപ്പുലഭിച്ചു എന്ന ജയ്റാം രമേശിന്‍റെ പ്രസ്താവന പിത്രോദ പരസ്യമായി തള്ളി. ജയ്റാം രമേശിന്‍റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും തെറ്റുവരുത്താന്‍ തനിക്ക് അർഹതയുണ്ടെന്നുമാണ് പിത്രോദയുടെ മറുപടി.

ഇന്ത്യന്‍ ഓവർസീസ് കോൺഗ്രസ് ചെയർമാനായി നിയമിതനായതിന് പിന്നാലെ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കി പുതിയ വിവാദത്തിന് സാം പിത്രോദ തിരികൊളുത്തിയിരിക്കുന്നത്. വിവാദ പരാമർശങ്ങളില്‍ നിന്ന് മാറിനില്‍ക്കും എന്ന ഉറപ്പിലാണ് പിത്രോദയുടെ പുനർനിയമനം നടന്നത് എന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശിന്‍റെ പ്രസ്താവനയാണ് ഇത്തവണ സാം പിത്രോദയെ ചൊടിപ്പിച്ചത്. പിന്നാലെ തെറ്റുചെയ്യാനുള്ള അർഹത തനിക്കുണ്ടെന്നും, ജയ്റാം രമേശ് പറഞ്ഞത് അദ്ദേഹത്തിന്‍റെ മാത്രം അഭിപ്രായമാണ്, അത് പാർട്ടി നിലപാടല്ലെന്നും പറഞ്ഞ് പിത്രോദ തിരിച്ചടിച്ചു.

രാഹുല്‍ ഗാന്ധിയോട് അടുത്ത് നില്‍ക്കുന്ന നേതാവ് എന്ന നിലയില്‍ പിത്രോദയുടെ പരാമർശങ്ങള്‍ എക്കാലത്തും ബിജെപിക്ക് രാഷ്ട്രീയായുധമാണ്. തെരഞ്ഞെടുപ്പ് സമയത്ത് സ്വത്ത് പിന്തുടർച്ചാ നികുതിയില്‍ പിത്രോദ നടത്തിയ പരാമർശങ്ങള്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ആ തീ കെട്ടടങ്ങുന്നതിന് മുന്‍പ്, തെക്കുള്ള ഇന്ത്യക്കാർ ആഫ്രിക്കക്കാരെപോലെയാണെന്നും വടക്കുകിഴക്കുള്ളവർ ചൈനക്കാരെപ്പോലെയാണെന്നുമുള്ള വംശീയ പരാമർശവുമായി പിത്രോദ വീണ്ടുമെത്തി. ഇരു വിവാദങ്ങളിലും അതു പാർട്ടി നിലപാടല്ല എന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞത്. വിവാദങ്ങളെത്തുടർന്ന് കഴിഞ്ഞ മെയ് എട്ടിനാണ് പിത്രോദ ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാൻ സ്ഥാനം രാജിവെച്ചത്.

SCROLL FOR NEXT