NEWSROOM

ആരോടും പ്രതികാര മനോഭാവമില്ല; ആത്മകഥാ വിവാദത്തിൽ ഡിസി ബുക്‌സിനെതിരെ തുടർ നടപടികൾക്കില്ലെന്ന് ഇ.പി. ജയരാജൻ

നേതൃമാറ്റത്തിൽ കോൺഗ്രസിൽ ഇനിയും പൊട്ടിത്തെറികൾ ഉണ്ടാവുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


ആത്മകഥാ വിവാദത്തിൽ ഡിസി ബുക്‌സിനെതിരെ തുടർ നിയമ നടപടികൾ ഇല്ലെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ. ഡിസി ബുക്സ് തെറ്റ് സമ്മതിച്ചു. ആരോടും പ്രതികാര മനോഭാവമില്ലെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി. 2024 ഉപതെരഞ്ഞെടുപ്പ് സമയത്ത് വലിയ ചര്‍ച്ചാ വിഷയമായ സംഭവമായിരുന്നു ഇ.പിയുടേത് എന്ന പേരില്‍ പുറത്തുവന്ന 'കട്ടന്‍ചായയും പരിപ്പുവടയും - ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം' എന്ന ആത്മകഥ.

പിഡിഎഫ് ഫോര്‍മാറ്റില്‍ പുറത്തുവന്ന ആത്മകഥയിലെ പല പരാമര്‍ശങ്ങളും സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കുന്നതായിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ പ്രയാസം പാര്‍ട്ടി മനസിലാക്കിയില്ലെന്നും രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നുമായിരുന്നു ആത്മകഥയിലെ വിമര്‍ശനം. പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി. സരിന്‍ വയ്യാവേലിയാകുമെന്നും പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍, ഇത് താന്‍ എഴുതിയതല്ലെന്നാണ് ഇ.പി. ജയരാജന്‍ ആദ്യം മുതല്‍ സ്വീകരിക്കുന്ന നിലപാട്.

തുടർന്ന് വിവാദത്തില്‍ ഡിസി ബുക്‌സിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ആത്മകഥാ ഭാഗങ്ങള്‍ പുറത്തുവന്നതില്‍ ഗൂഢാലോചനയുണ്ടെന്ന ഇപിയുടെ പരാതിയിലാണ് കേസെടുത്തത്. എ.വി. ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയായിരുന്നു കേസ്. കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു കേസ് അന്വേഷണം. ശ്രീകുമാറിൽ നിന്നാണ് ആത്മകഥാ ഭാഗങ്ങൾ ചോർന്നതെന്ന് കണ്ടെത്തിയതോടെ ഇയാളെ അറസ്റ്റു ചെയ്യുകയും ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. കേസില്‍ എ.വി. ശ്രീകുമാര്‍ മാത്രമാണ് പ്രതിയെന്നും കൂടുതല്‍ പേരെ പ്രതിചേര്‍ക്കണ്ടതില്ലെന്നും പൊലീസ് വ്യക്തമാക്കുകയും അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.


അതേസമയം, നേതൃമാറ്റത്തിൽ കോൺഗ്രസിൽ ഇനിയും പൊട്ടിത്തെറികൾ ഉണ്ടാവുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു. "അവരുടെ രാഷ്ട്രീയ നയം തെറ്റാണ്. കോൺഗ്രസിന്റെ പ്രസിഡന്റിനെ നിയമിക്കുന്നത് സഭയായാൽ ഇനിയും പ്രശ്നങ്ങൾ ഉണ്ടാകുമെന്നും" അദ്ദേഹം പറഞ്ഞു. "വേടൻ നല്ലൊരു സംഗീതജ്ഞനാണ്. വലിയ തോതിൽ ചെറുപ്പക്കാരെ സ്വാധീനിക്കുന്നയാളാണ്. ലഹരി ഉപയോഗിക്കുമോ എന്ന് നോക്കിയല്ല സർക്കാർ പരിപാടിയിൽ ഗായകരെ നിശ്ചയിക്കുന്നത്" ഇ.പി. ജയരാജൻ വ്യക്തമാക്കി.

SCROLL FOR NEXT