NEWSROOM

മഴക്കൊപ്പം ഉയരുന്ന പകർച്ചവ്യാധികൾ; കൊച്ചിയിൽ പ്രതിദിനം ആശുപത്രിയിലെത്തുന്നത് 500ലധികം ആളുകൾ

എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപിത്തം തുടങ്ങിയ പകർച്ചവ്യാധികളുടെ വ്യാപനമാണ് രൂക്ഷമാകുന്നത്

Author : ന്യൂസ് ഡെസ്ക്

മഴ ശക്തി പ്രാപിച്ചതോടെ എറണാകുളം ജില്ലയിൽ പകർച്ചപ്പനി രൂക്ഷമാകുന്നു. എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപിത്തം തുടങ്ങിയ പകർച്ചവ്യാധികളുടെ വ്യാപനമാണ് ശക്തമാകുന്നത്. പനിബാധിതരുടെ എണ്ണം മുൻവർഷത്തേക്കാൾ അധികാമാണെന്നത് ജില്ലയിലെ ആരോഗ്യ വകുപ്പിനെയും ആശങ്കയിലാകുന്നുണ്ട്.

ആരോഗ്യവകുപ്പിൻ്റെ നിലവിലെ കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ മാത്രം ഇതുവരെ 9550-ഓളം പേരാണ് പനി ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. എലിപ്പനിയും ഡെങ്കിപ്പനിയും ബാധിച്ചവരുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുകയാണ്.

പനി ബാധിതരുടെ എണ്ണം പ്രതിദിനം കൂടിവരുന്നത് ആരോ​ഗ്യവകുപ്പിനെയും ആശങ്കയിലാഴ്ത്തുന്നു. മുൻ വർഷത്തേക്കാൾ കൂടുതൽ പകർച്ചപനി കേസുകൾ ഇത്തവണ കൊച്ചിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദിവസവും 500 ലധികം പേരാണ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സ തേടുന്നത്. മെയ് മാസം പ്രതിദിനം 300 പേർ ആശുപത്രിയിലെത്തിയിരുന്നു.

ജില്ലയിൽ ഇതുവരെ 28 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഗ്രാമപ്രദേശങ്ങളിലാണ് എലിപ്പനി കൂടുതലായി പടർന്നു പിടിക്കുന്നത് . കളമശ്ശേരി, തൃക്കാക്കര നഗരസഭകളിലും പനി പടരുന്നുണ്ട്. നഗര സഭകളിലെ താഴ്ന്ന പ്രദേശത്ത് മഴക്കാലത്ത് മലിന ജലം കെട്ടിക്കിടക്കുന്നതാണ് എലിപ്പനി പടരാനിടയാക്കുന്നത്. മഴ പെയ്ത് വെള്ളം കയറിയ പ്രദേശങ്ങളിൽ എലിപ്പനി പ്രതിരോധ മരുന്നുകൾ നൽകിവരികയാണ്.

നേരത്തെ, പെരുമ്പാവൂർ വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം വ്യാപകമായത് ആശങ്ക പരത്തിയിരുന്നു. ഇവിടുത്തെ സ്ഥിതി നിയന്ത്രണ വിധേയമാകുന്നതിനിടെയാണ് കൊച്ചിയെ ആശങ്കയിലാഴ്ത്തി ഡെങ്കിപ്പനിയും എലിപ്പനിയുമുൾപ്പെടെ പടരുന്നത്. നേരത്തെ കളമശേരി നഗരസഭ ഓഫീസിലെ സൂപ്രണ്ട് അടക്കം 12 ഓളം ഉദ്യോസ്ഥർക്ക് ഡെങ്കി സ്ഥിരീകരിച്ചിരുന്നു .

എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഹെപ്പറ്റൈറ്റിസ് ബി പടരുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് മൂവാറ്റുപുഴ തൃക്കളത്തൂരിൽ ഒരാൾ മരിച്ചിരുന്നു. നിലവിൽ 10 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. അടിയന്തിര സാഹചര്യമുണ്ടായാൽ നേരിടാൻ സർക്കാർ ആശുപത്രികൾ സജ്ജമാണെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു.

SCROLL FOR NEXT