NEWSROOM

എസ്എടിയിലെ വൈദ്യുതി പ്രതിസന്ധി, വൈദ്യുതി ഉപകരണങ്ങൾ ക്ലാവ് പിടിച്ച നിലയിൽ

എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസം സപ്ലൈ തകരാർ കൊണ്ടല്ലെന്ന് കെഎസ്‌ഇബി ഇന്നലെത്തന്നെ അറിയിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിൽ കഴിഞ്ഞ ദിവസമുണ്ടായ വൈദ്യുതി പ്രതിസന്ധി വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് വഴിവെച്ചത്. ആശുപത്രിയിലെ വൈദ്യുതി ഉപകരണങ്ങൾ ക്ലാവ് പിടിച്ച് കിടക്കുന്ന നിലയിലാണ് എന്ന വാർത്തയാണ് ഏറ്റവും പുതിയതായി ഇപ്പോൾ പുറത്തു വരുന്നത്.

ജനറേറ്ററിന് വൈദ്യുതി എടുക്കാൻ കഴിയാതെ പോയത് VCBയിലെ തകരാറുമൂലമാണ്. വാക്വം സർക്യൂട്ട് ബ്രേക്കർ ക്ലാവ് പിടിച്ച നിലയിലാണ് കിടക്കുന്നത്. താഴ്ന്ന നിരപ്പിൽ ഇലക്ട്രിക് റൂം സ്ഥാപിച്ചതും ഉപകരണങ്ങൾ കേടുവരാൻ കാരണമായതായി കെഎസ്ഇബി അറിയിച്ചു.


എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസം സപ്ലൈ തകരാർ കൊണ്ടല്ലെന്ന് കെഎസ്‌ഇബി ഇന്നലെത്തന്നെ അറിയിച്ചിരുന്നു. എച്ച്ടി കണക്ഷൻ ലൈവായിരുന്നു. പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗത്തിന് വേണ്ട സഹായ സന്നദ്ധതയുമായി കെഎസ്‌ഇബി സബ് എഞ്ചിനിയറുടെ നേതൃത്വത്തിൽ ടീം ഫീൽഡിൽ ഉണ്ടെന്നും കെഎസ്ഇബി അറിയിച്ചിരുന്നു.


വലിയ കോലാഹലങ്ങൾക്കൊടുവിലാണ് എസ്എടിയിലെ വൈദ്യുതി പ്രശ്നം പരിഹരിക്കപ്പെട്ടത്. മൂന്ന് മണിക്കൂറോളം ആശുപത്രിയിൽ വൈദ്യുതി ബന്ധം നിലച്ചിരുന്നു. കുട്ടികളും മുതിർന്നവരുമടക്കമുള്ള രോഗികൾക്ക് ബുദ്ധിമുട്ട് നേരിട്ടതോടെ പ്രതിഷേധിച്ച് കൂട്ടിരിപ്പുകാർ രംഗത്തെത്തിയിരുന്നു. പരാതി അറിയച്ചതോടെ പൊലീസ് ഉദ്യോഗസ്ഥരും മോശമായി പെരുമാറിയെന്നും അവർ ആരോപിക്കുന്നു. വൈദ്യുതി ഇല്ലാത്ത സമയത്ത് ആശുപത്രിയിൽ പ്രസവം നടന്നെന്നും ടോർച്ച് ഉപയോഗിച്ചാണ് പരിശോധനകൾ നടന്നതെന്നും രോഗികൾ ആരോപിച്ചിരുന്നു.

SCROLL FOR NEXT