NEWSROOM

സ്റ്റീഫന് ഒരു എതിരാളി കൂടി, കബൂ​ഗ! എമ്പുരാനിൽ ഫ്രഞ്ച് നടൻ എറിക് എബൗണിയും

2000ൽ പുറത്തിറങ്ങിയ ലുമുംബ എന്ന ചിത്രത്തില്‍ കോംഗോ പ്രധാനമന്ത്രി പാട്രിസ് ലുമുംബയെ അവതരിപ്പിച്ചത്  എറിക് എബൗണിയാണ്

Author : ന്യൂസ് ഡെസ്ക്

ഇത്തവണ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ശത്രുപാളയത്തിൽ ഒരു വില്ലൻ കൂടിയുണ്ടാകും - കബൂ​ഗ. പൃഥ്വിരാജ്- മോഹൻലാൽ- മുരളി ഗോപി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന എമ്പൂരാനിലെ 13-ാമത്തെ കഥാപാത്രത്തെ അണിയറ പ്രവർത്തകർ അവതരിപ്പിക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയരുകയാണ്. ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ ചിത്രത്തിന് അന്താരാഷ്ട്ര സ്വഭാവമുണ്ടെന്ന് സംവിധായകനും എഴുത്തുകാരനും പറഞ്ഞിരുന്നു. ഇത് വലിയ തോതിൽ ഹൈപ്പിന് കാരണവുമായി. കബൂ​ഗയെ അവതരിപ്പിക്കുന്ന ഫ്രഞ്ച് നടൻ എറിക് എബൗണിയിലൂടെ ഈ ഹൈപ്പിന് ആക്കം കൂടിയിരിക്കുകയാണ്.


മാര്‍ച്ച് 27നാണ് എമ്പുരാന്റെ റിലീസ്. ലൂസിഫറിന്റെ പ്രീക്വലും സീക്വലുമായാണ് എമ്പുരാന്‍ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി എന്ന ഖുറേഷി അബ്രാമിന്റെ ഭൂതകാലവും ലൂസിഫറിന്റെ തുടർച്ചയുമാകും എമ്പുരാനിൽ പൃഥ്വിരാജ് അവതരിപ്പിക്കുക. ലൂസിഫറിൽ പറഞ്ഞുവച്ച ഖുറേഷി അബ്രാമിന്റെ നെക്സസിനെതിരെ നിൽക്കുന്ന ആളാകും കബൂ​ഗ. 'ഐ ആം പ്ലേയിങ് എ ബാഡ് ​ഗായ്' എന്ന് ക്യാരക്ടർ റിവീലിങ് വീഡിയോയിൽ എറിക് എബൗണി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എമ്പുരാന്റെ പ്രൊഡക്ഷൻ ഡിസൈൻ വലുതാണെന്ന സൂചനയും എറിക് നൽകുന്നുണ്ട്. എറിക് അവതരിപ്പിക്കുന്ന കഥാപാത്രം എന്നാൽ സ്റ്റീഫന്റെ പഴയകാലത്താണോ അതോ നിലവിലെ കഥയുടെ ഭാ​ഗമായിട്ടാണോ എത്തുക എന്ന് വീഡിയോയിൽ സൂചനകളില്ല.


2000ൽ പുറത്തിറങ്ങിയ ലുമുംബ എന്ന ചിത്രത്തില്‍ കോംഗോ പ്രധാനമന്ത്രി പാട്രിസ് ലുമുംബയെ അവതരിപ്പിച്ചാണ്  എറിക് എബൗണി പ്രശസ്തനായത്. പ്രശസ്ത സംവിധായകൻ ബ്രയാൻ ഡി പാൽമയുടെ ഫെമ്മെ ഫാറ്റേലിൽ ബ്ലാക്ക്‌ടൈ എന്ന കഥാപാത്രമായതും എറിക്കാണ്.   2008-ൽ പുറത്തിറങ്ങിയ ഹൊളിവുഡ് ആക്ഷൻ ചിത്രമായ ട്രാൻസ്‌പോർട്ടർ 3യിൽ ജേസൺ സ്റ്റാതമിനൊപ്പം അഭിനയിച്ച 'ഐസ്' എന്ന കഥാപാത്രത്തിലൂടെയാണ് കൊമേഷ്യൽ സിനിമ പ്രേക്ഷകർക്കിടയിൽ എറിക്ക് സുപരിചിതനായത്.

മോഹന്‍ലാലിനൊപ്പം ലൂസിഫറിലുണ്ടായിരുന്ന മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു, ഫാസിൽ, സച്ചിൻ ഖേദേക്കർ, എന്നിവർക്കൊപ്പം, മണിക്കുട്ടൻ, നിഖാത് ഖാൻ ഹെഗ്‌ഡെ, സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ ഒരുപിടി പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. ദീപക് ദേവ് ആണ് എമ്പുരാനും സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം സുജിത് വാസുദേവ്. അഖിലേഷ് മോഹൻ ആണ് എഡിറ്റിങ്.

SCROLL FOR NEXT