NEWSROOM

പ്രവർത്തന ക്ഷമത കുറഞ്ഞ മാസ്ക് നിർമാണ യന്ത്രം നൽകി വഞ്ചിച്ചു: കമ്പനിക്ക് 12.88 ലക്ഷം രൂപ പിഴ വിധിച്ച് എറണാകുളം ഉപഭോക്തൃ കോടതി

എറണാകുളം, ആലുവ സ്വദേശിയും എസ് ജി ബാഗ്സ് എന്ന സ്ഥാപനത്തിൻ്റെ ഉടമയുമായ ശ്രീജിത്ത് ജി സമർപ്പിച്ച പരാതിയിലാണ് കോടതി നടപടി

Author : ന്യൂസ് ഡെസ്ക്

കൊവിഡ് കാലത്ത് പ്രവർത്തന ക്ഷമത കുറഞ്ഞ മാസ്ക് നിർമാണ യന്ത്രം നൽകി വഞ്ചിച്ചെന്ന പരാതിയിൽ കമ്പനിക്ക് 12.88 ലക്ഷം രൂപ പിഴ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി. നഷ്ടപരിഹാരത്തിനു പുറമേ കോടതി ചെലവും മെഷിനിൻ്റെ വിലയും ഉൾപ്പെടുത്തി 12.88 ലക്ഷം രൂപ നൽകണമെന്നാണ് ഉത്തരവ്. എറണാകുളം, ആലുവ സ്വദേശിയും എസ് ജി ബാഗ്സ് എന്ന സ്ഥാപനത്തിൻ്റെ ഉടമയുമായ ശ്രീജിത്ത് ജി സമർപ്പിച്ച പരാതിയിലാണ് കോടതി നടപടി.

തമിഴ്നാട് സ്വദേശി ടി വിശ്വനാഥ ശിവൻ്റെ ഉടമസ്ഥതയിലുള്ള ശിവൻ ഇൻഡസ്ട്രീയൽ എൻജിനീയറിങ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി നൽകിയത്. 2020 സെപ്റ്റംബർ മാസത്തിലാണ് 6,78,500/- രൂപ നൽകി പരാതിക്കാരൻ എതിർകക്ഷിയിൽ നിന്നും യന്ത്രം വാങ്ങിയത്. ജീവിതമാർഗം എന്ന നിലയിലാണ് കൊവിഡ് കാലത്ത് പരാതിക്കാരൻ ഫേസ് മാസ്ക് നിർമാണം ആരംഭിക്കുന്നത്. ഇതിനായാണ് യന്ത്രം വാങ്ങിച്ചത്.

എന്നാൽ മെഷിനിൻ്റെ പല ഭാഗങ്ങളും ഉണ്ടായിരുന്നില്ല എന്ന് പിന്നീട് ബോധ്യപ്പെട്ടു. ഷിപ്പിങ്ങിൽ സംഭവിച്ച പിഴവാണ് ഇതിനു കാരണമെന്നും ഉടനെ ഈ പാർട്ട്സുകൾ എത്തിക്കാമെന്നും എതിർകക്ഷി പരാതിക്കാരന് ഉറപ്പു നൽകി. എന്നാൽ ഈ പാർട്സ് ഉപയോഗിച്ച് ഉണ്ടാക്കിയ മാസ്ക്കുകളും ശരിയായില്ല. ഇതുമൂലം വലിയ നഷ്ടമാണ് പരാതിക്കാരന് ഉണ്ടായത്. നിരവധി ആശുപത്രികളിൽ നിന്നും മാസ്ക്കിന് ഓർഡർ ലഭിച്ചിരുന്നു. പക്ഷേ അവ നൽകാൻ പരാതിക്കാരന് കഴിഞ്ഞില്ല.

പരാതിക്കാരൻ്റെ സ്ഥാപനത്തിലെ സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത തൊഴിലാളികൾ പ്രവർത്തിക്കുന്നത് കൊണ്ടാണ് മാസ്കുകൾ കേടായതെന്നാണ് എതിർകക്ഷി വാദിച്ചത്. ഇതിന് പിന്നാലെ യന്ത്രം പരിശോധിക്കുന്നതിനായി ഒരു വിദഗ്ധ കമ്മീഷനെ നിയമിക്കുകയും ഈ റിപ്പോർട്ട് കമ്മീഷൻ പരിശോധിക്കുകയും ചെയ്തു. പരാതിക്കാരൻ്റെ വാദം ശരിയാണെന്ന് ബോധ്യപ്പെട്ടു. ശബ്ദ മലിനീകരണവും സുരക്ഷാ ഭീഷണിയും ഉയർത്തുന്നതാണ് യന്ത്രത്തിന്‍റെ പ്രവർത്തനം എന്ന് കമ്മീഷണർ വിലയിരുത്തി.

കൊവിഡ് കാലത്തെ ഡിമാൻഡ് പ്രകാരമുള്ള മാസ്കിൻ്റെ നിർമാണവും വില്പനയുമാണ് യന്ത്രം വാങ്ങിയതിലൂടെ പരാതിക്കാരൻ ഉദ്ദേശിച്ചത്. എന്നാൽ എതിർകക്ഷിയുടെ നിയമവിരുദ്ധമായ നടപടികൾ മൂലം വലിയ മന:ക്ലേശവും സാമ്പത്തിക നഷ്ടവും പരാതിക്കാരനുണ്ടായെന്ന് ഉത്തരവിൽ വിലയിരുത്തി.

"പഴയ ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ നിന്നും 2019 ലെ പുതിയ നിയമത്തിലേക്കുള്ള മാറ്റങ്ങൾ ഉപഭോക്തൃ അവകാശ സംരക്ഷണ മേഖലയിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്. "ഉപഭോക്താക്കൾ ജാഗ്രത പാലിക്കുക" എന്ന തത്വത്തിൽ നിന്നും "വ്യാപാരി ജാഗ്രത പാലിക്കുക" എന്ന ക്രിയാത്മകമായ മാറ്റമാണ് സംഭവിച്ചതെന്ന് കോടതി വിലയിരുത്തി. മെഷിനിൻ്റെ വിലയായ 6, 78,500/- രൂപ പരാതിക്കാരന് എതിർകക്ഷി തിരിച്ചു നൽകണം. കൂടാതെ ആറ് ലക്ഷം രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും 45 ദിവസത്തിനകം എതിർകക്ഷി പരാതിക്കാരന് നൽകണമെന്ന് കോടതി നിർദേശിച്ചു. പരാതിക്കാരന് വേണ്ടി അഡ്വ. ആശാ പി. നായരാണ് ഹാജരായത്.




SCROLL FOR NEXT