കെഎസ്‌യു എറണാകുളം ജില്ലാ പ്രസിഡൻ്റ് കൃഷ്ണലാല്‍ 
NEWSROOM

മഹാരാജാസ് യൂണിറ്റ് സമ്മേളനത്തിലെ തർക്കം; മദ്യലഹരിയില്‍ KSU മലപ്പുറം ജില്ലാ സെക്രട്ടറിയെ മർദിച്ച് എറണാകുളം ജില്ലാ പ്രസിഡന്‍റും സംഘവും

ഫ്രറ്റേണിറ്റി മൂവ്‌മെൻ്റുമായി ബന്ധമുള്ള വിദ്യാർഥിയെ യൂണിറ്റ് പ്രസിഡൻ്റാക്കാൻ ശ്രമിച്ചതാണ് തർക്കത്തിന് കാരണം

Author : ന്യൂസ് ഡെസ്ക്

മദ്യ ലഹരിയിൽ കെഎസ്‌യു എറണാകുളം ജില്ലാ പ്രസിഡൻ്റ് മർദിച്ചതായി പരാതി. കെഎസ്‌യു മലപ്പുറം ജില്ല സെക്രട്ടറി മുഹമ്മദ് നിയാസ് ആണ് പരാതിക്കാരൻ. മദ്യപിച്ചെത്തിയ ജില്ലാ പ്രസിഡൻ്റ് കെ.എം കൃഷ്ണലാലും സംഘവും മർദിച്ചുവെന്നാണ് പരാതി. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർക്കാണ് മുഹമ്മദ് നിയാസ് പരാതി നൽകിയിരിക്കുന്നത്.

എറണാകുളം മഹാരാജാസ് കോളേജിലെ യൂണിറ്റ് കമ്മറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ഫ്രറ്റേണിറ്റി മൂവ്‌മെൻ്റുമായി ബന്ധമുള്ള വിദ്യാർഥിയെ യൂണിറ്റ് പ്രസിഡൻ്റാക്കാൻ ശ്രമിച്ചതാണ് തർക്കത്തിന് കാരണം. മഹാരാജാസ് മുൻ യൂണിറ്റ് പ്രസിഡൻ്റാണ് മുഹമ്മദ് നിയാസ്. അതിനാലാണ് യൂണിറ്റ് സമ്മേളനത്തില്‍ പങ്കെടുത്തത്.

മഹാരാജാസ് കോളേജിലെ യൂണിറ്റ് കമ്മിറ്റിയിൽ പല അസ്വാരസ്യങ്ങളും സൃഷ്ടിക്കാൻ കൃഷ്ണലാലും സംഘവം ശ്രമിച്ചതായാണ് പരാതിയിൽ പറയുന്നത്. ഫ്രെറ്റേണിറ്റി മൂവ്മെന്റുമായി അടുത്ത ബന്ധമുള്ള ഒരു വിദ്യാർഥിയെ യൂണിറ്റ് സെക്രട്ടറിയാക്കാനായിരുന്നു ക്രിഷ്ണലാലിന്റെയും കൂട്ടരുടെയും തീരുമാനം. എന്നാൽ വിദ്യാർഥികൾ ഒന്നടങ്കം ഇതിനെ എതിർത്തുവെന്നാണ് മുഹമ്മദ് നിയാസ് പരാതിയിൽ പറയുന്നത്. പ്രവൃത്തി പരിചയമുള്ള ഒരു കമ്മിറ്റിയാണ് വേണ്ടതെന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം. യൂണിറ്റ് പ്രഖ്യാപിച്ചതോടെ ജില്ലാ പ്രസിഡന്റ് കെ.എം. കൃഷ്ണലാൽ, വൈസ് പ്രസിഡന്റ് അമർ മിഷാൽ പള്ളാച്ചി, കെവിൻ കെ. പൗലോസ്, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സഫ്വാൻ, എറണാകുളം അസംബ്ലി കമ്മിറ്റി സെക്രട്ടറി അമൽ ടോമി എന്നിവർ യൂണിറ്റ് സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി.

സമ്മേളന ശേഷം കോളേജ് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ വിദ്യാർഥികളുമായി സംസാരിച്ചു നിന്നിരുന്ന നിയാസിനെ കാറിലെത്തിയ ജില്ലാ പ്രസിഡന്‍റും സംഘവും കോളേജ് സ്റ്റേഡിയത്തിന് അടുത്ത് ആളൊഴിഞ്ഞിടത്തേക്ക് കൊണ്ടുപൊയി മർദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.  ജില്ലാ സെക്രട്ടറി മുഖത്ത് തുപ്പിയതായും ഇനി എറണാകുളത്തെ കാര്യങ്ങളിൽ ഇടപെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് മുഹമ്മദ് നിയാസിന്റെ പരാതി.


SCROLL FOR NEXT