രാജ്യത്ത് ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന ജില്ലാ തല സർക്കാർ ആശുപത്രിയാകാനൊരുങ്ങുകയാണ് എറണാകുളം ജനറൽ ഹോസ്പിറ്റൽ. ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങൾ ഈയാഴ്ച എത്തും. ശസ്ത്രക്രിയയ്ക്കുള്ള കെ-സോട്ടോ ലൈസൻസ് ലഭ്യമായതോടെയാണ് ആശുപത്രി ചരിത്ര നേട്ടത്തിലേക്ക് കടക്കുന്നത്.
വൃക്ക മാറ്റിവയ്ക്കൽ, ഓപ്പൺ ഹാർട്ട് എന്നീ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രിയാണ് എറണാകുളം ജനറൽ ആശുപത്രി. ഈ നേട്ടങ്ങളിലേക്കാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെന്ന ചരിത്രനേട്ടം കൂടി ചേർക്കപ്പെടുന്നത്. ഹൃദയം സ്വീകരിക്കേണ്ട വ്യക്തിയെ കണ്ടെത്തിയിട്ടുണ്ട്. അനുയോജ്യമായ ഹൃദയം ലഭിച്ചാൽ ജനുവരിയിൽ ശസ്ത്രക്രിയ നടത്താൻ കഴിയുന്ന തരത്തിലാണ് ക്രമീകരണങ്ങൾ. ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങൾ ഈയാഴ്ചയോടെ ആശുപത്രിയിലെത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷാ പറഞ്ഞു.
ശസ്ത്രക്രിയയകൾ റെഗുലറായി നടക്കുന്ന ആശുപത്രി എന്ന നിലയ്ക്ക് അത്യാവശ്യം വേണ്ട ഉപകരണങ്ങളെല്ലാം ആശുപത്രിയിലുണ്ടായിരുന്നു. അധികമായി ആവശ്യമായി വന്ന ഉപകരണങ്ങൾ ആശുപത്രി വികസന ഫണ്ടിൽ നിന്നും വാങ്ങുകയായിരുന്നെന്നും സൂപ്രണ്ട് ഡോ. ഷാഹിർഷാ വ്യക്തമാക്കി.
ഏകദേശം 9 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സൗജന്യമായി ലഭ്യമാക്കാനാണ് ആശുപത്രിയുടെ ശ്രമം. അർഹരെ കണ്ടെത്താൻ ഹാർട്ട് ഫെയ്‌ല്യർ ക്ലിനിക്കിന്റെ പ്രവർത്തനവും ആരംഭിച്ചു. ശസ്ത്രക്രിയയെക്കാൾ പിന്നീടുള്ള മരുന്നുകളുടെ ചിലവാണ് രോഗികളെ ബാധിക്കുകയെന്നും അധികൃതർ പറയുന്നു.