NEWSROOM

നീറ്റ് യുജി ചോദ്യങ്ങളിലെ പിഴവ്; പരിശോധനയ്ക്കായി ഡല്‍ഹി ഐഐടിയെ ചുമതലപ്പെടുത്തി

വിവിധ വിഷയങ്ങളിലെ വിദഗ്ധരുടെ സംഘം ചോദ്യപ്പേപ്പര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണെന്നും അറിയിപ്പ് നൽകി

Author : ന്യൂസ് ഡെസ്ക്

നീറ്റ്-യുജി ചോദ്യങ്ങളിലെ പിഴവ് പരിശോധിക്കാൻ സുപ്രീം കോടതി ഡല്‍ഹി ഐഐടിയെ ചുമതലപ്പെടുത്തി. വിവിധ വിഷയങ്ങളിലെ വിദഗ്ധരുടെ സംഘം ചോദ്യപേപ്പര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും അറിയിപ്പ് നൽകി. വിഷയവുമായി ബന്ധപ്പെട്ട് നാളെ ഇക്കാര്യത്തില്‍ മറുപടി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നീറ്റ് ഹർജികളിലെ വാദം നാളെയും തുടരും.

ഉത്തരം ഓപ്ഷന്‍ നല്‍കിയതിലെ പിഴവാണ് പരിശോധിക്കേണ്ടതുണ്ട്. കൂടാതെ ശരിയായ ഓപ്ഷന്‍ ഏതെന്ന് സമിതി അറിയിക്കുകയും വേണമെന്ന് ഉത്തരവിൽ പറയുന്നു. മെയ് നാലിന് രാത്രിയാണ് ആദ്യം ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. എത്ര കേന്ദ്രങ്ങളില്‍ ചോദ്യപേപ്പര്‍ മാറിയെന്ന് കേന്ദ്ര സര്‍ക്കാരിനോട് ചീഫ് ജസ്റ്റിസ് ചോദ്യം ഉന്നയിച്ചു.

എട്ട് കേന്ദ്രങ്ങളില്‍ ചോദ്യ പേപ്പര്‍ മാറി നല്‍കിയെന്നാണ് എന്‍ടിഎയുടെ വിശദീകരണം. പരീക്ഷയുടെ തലേ ദിവസം രാത്രി ഉത്തരങ്ങൾ മനഃപാഠമാക്കാൻ വിദ്യാർത്ഥികൾ ഒത്തുകൂടിയെന്നാണ് പ്രതി അമിത് ആനന്ദിൻ്റെ മൊഴിയിലുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.

നീറ്റ് ചോദ്യപേപ്പർ ചോർച്ച ഒന്നിലധികം സംസ്ഥാനങ്ങളിൽ നടന്നതിന് തെളിവുണ്ടോ എന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. ഹർജിക്കാർ ഇക്കാര്യം തെളിയിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. നീറ്റ് പരീക്ഷ വീണ്ടും നടത്തണോ എന്നതിൽ വാദം കേൾക്കുന്നതിനിടെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യ വ്യാപകമായി ചോദ്യപേപ്പർ ചോർന്നുവെന്നതിന് ക്യത്യമായ തെളിവുകൾ കോടതിക്ക് മുന്നിലെത്തിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. പിഴവുകളും ചോദ്യപേപ്പർ ചോർച്ചയും രണ്ടായാണ് പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. എട്ട് കേന്ദ്രങ്ങളിൽ ചോദ്യപേപ്പർ സെറ്റ് മാറി നൽകിയെന്ന് എൻടിഎ കോടതിയിൽ സമ്മതിച്ചു.

ഇതിൽ ചില സെൻ്ററുകളിൽ പരീക്ഷയ്ക്കിടെ ചോദ്യപേപ്പർ തിരികെ വാങ്ങി ശരിയായ സെറ്റ് നൽകുകയും ചെയ്തിട്ടുണ്ടെന്നും വിവരങ്ങൾ പുറത്തു വന്നിരുന്നു. ചിലയിടങ്ങളിൽ നൽകിയ ചോദ്യ സെറ്റിന് അനുസരിച്ച് പരീക്ഷ നടന്നെന്നും ഇതിൻ്റെ അടിസ്ഥാനത്തിൽ മാർക്ക് നിശ്ചയിച്ചെന്നും എൻടിഎ വ്യക്തമാക്കി.

SCROLL FOR NEXT