NEWSROOM

യൂറോ 2024: എംബാപ്പെയുടെ ഫ്രഞ്ച് പടയ്ക്ക് സ്പാനിഷ് വെല്ലുവിളി; ഇന്ന് തീപാറും സെമി ഫൈനൽ

നാലാം കിരീടം ലക്ഷ്യമിട്ട് സ്പെയിനും, മൂന്നാം കിരീടത്തിൽ മുത്തമിടാനുറപ്പിച്ച് ഫ്രാൻസും ഇന്ന് കഴിവിന്റെ പരമാവധി കളത്തിൽ പുറത്തെടുക്കുമെന്നുറപ്പാണ്.

Author : ന്യൂസ് ഡെസ്ക്

യൂറോ കപ്പിന്റെ കലാശപ്പോരിന് യോഗ്യത നേടാനുറച്ച് ശക്തരായ സ്പെയിനും മുൻ ലോക ചാമ്പ്യന്മാരായ ഫ്രാൻസും ഇന്നും രാത്രി കളത്തിലിറങ്ങും. യൂറോ കപ്പിലെ ആദ്യ സെമി പോരാട്ടമാണ് ഇന്ന് നടക്കുന്നത്. രാത്രി 12.30ന് അലയൻസ് അരീനയിൽ ലോക ഫുട്ബോളിലെ ചാമ്പ്യൻ ടീമുകൾ മുട്ടാനിറങ്ങുമ്പോൾ ഗ്രൗണ്ടിൽ തീപ്പൊരി പാറുമെന്നുറപ്പാണ്.

നാലാം കിരീടം ലക്ഷ്യമിട്ട് സ്പെയിനും, മൂന്നാം കിരീടത്തിൽ മുത്തമിടാനുറപ്പിച്ച് ഫ്രാൻസും ഇന്ന് കഴിവിന്റെ പരമാവധി കളത്തിൽ പുറത്തെടുക്കുമെന്നുറപ്പാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്താണ് ഫ്രാൻസ് സെമി ബെർത്ത് ഉറപ്പിച്ചത്.

സ്പെയിൻ ക്വാർട്ടറിൽ ആതിഥേയരായ ജർമനിയെ വീഴ്ത്തിയാണ് സെമിയിൽ സ്ഥാനമുറപ്പിച്ചത്. ടൂർണമെന്റിൽ കളിച്ച അഞ്ചിൽ അഞ്ചും ജയിച്ചാണ് ലൂയിസ് ഡി ലാ ഫ്യൂന്തെയുടെ സ്പെയിൻ വരുന്നത്. മത്സരത്തിൽ നേരിയ മുൻതൂക്കവും അവർക്കാണ് കൽപ്പിക്കപ്പെടുന്നത്. ഫ്രഞ്ച് പടയെ മുട്ടുകുത്തിച്ചാൽ, യൂറോ കപ്പിൽ ഇതുവരെ ആരും നേടാത്ത തുടർച്ചയായ ആറ് ജയമെന്ന റെക്കോർഡാണ് സെമിയിൽ അവരെ കാത്തിരിക്കുന്നത്.ടിക്കി ടാക്കയിൽ നിന്ന് മാറി വേഗമേറിയ പാസുകളും ആക്രമണങ്ങളുമായി സ്പാനിഷ് ടീമിനെ അഴിച്ചുപണിത കോച്ച് ഫ്യൂന്തെയുടെ പുതുപുത്തൻ ശൈലിയാണ് സ്പെയിനിന്റെ കരുത്ത്.

അതേസമയം, കറുത്ത മാസ്ക്കണിഞ്ഞ് കളിക്കുന്ന എംബാപ്പെയുടെ ടീമിന് ഫിനിഷിങ്ങിലെ പാളിച്ചകൾ വലിയ തിരിച്ചടിയാണ്. ദിദിയർ ദെഷാംപ്സിന്റെ ലോക റണ്ണറപ്പുകൾ, താരതമ്യേന ദുർബലരായ പോർച്ചുഗലിനെതിരെ ഗോളടിക്കാനാകാതെ വിയർത്തിരുന്നു. ബെൽജിയത്തിനെതിരെ സെൽഫ് ഗോളിലാണ് ടീം ജയിച്ചത്. എന്നാൽ, എണ്ണയിട്ട യന്ത്രം പോലെ പ്രതിരോധ നിരയുടെ കാവലാകുന്ന എൻഗോളോ കാന്റെ നയിക്കുന്ന ഫ്രഞ്ച് പ്രതിരോധ നിരയാണ് അവരുടെ കരുത്ത്. നിർണായക മത്സരങ്ങളിൽ കത്തിക്കയറുന്ന എംബാപ്പെയും, ഗ്രീസ്മാനും ഡെംബലയുമെല്ലാം ഫോമിലേക്കുയർന്നാൽ, ഫ്രഞ്ച് മുന്നേറ്റനിരയുടെ കളി മിന്നിക്കുമെന്നുറപ്പാണ്.

SCROLL FOR NEXT