തമിഴ്‌നാട്ടിലെ സാംസങ് ഫാക്ടറിയിലെ തൊഴിലാളി സമരം ഒരു മാസമായി തുടരുകയാണ്. ഇന്ത്യാ മുന്നണി സഖ്യ കക്ഷികളായ ഡിഎംകെയും ഇടതു പാർട്ടികളും സമരത്തിൽ രണ്ടു പക്ഷത്താണ്. ഫാക്ടറിയിൽ യൂണിയൻ രൂപീകരിച്ചതാണ് കമ്പനി ഇടയാൻ കാരണം. പ്രശ്നത്തിൽ സ്റ്റാലിൻ നേരിട്ട് ഇടപെടണമെന്ന് സമരം നടത്തുന്ന ഇടതു കക്ഷികൾ ആവശ്യമുന്നയിച്ചു. വിഷയത്തിൽ ബിജെപി പിന്തുണ സർക്കാരിനാണ്. ഇതോടെ സമരം ഡിഎംകെക്ക് തലവേദനയാവുകയാണ്.
സാംസങ് ഇലട്രോണിക്സ് ശ്രീപെരുംപത്തുരിലെ നിർമാണ യൂണിറ്റ് തൊഴിലാളികളാണ് ഒരു മാസമായി വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തുന്നത്. ഒക്ടോബർ 9 ന് തുടങ്ങിയ സമരം ഒരു മാസം പിന്നിട്ടിട്ടും ഡിഎംകെ സർക്കാർ ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് ഇടത് യൂണിയനുകളുടെ പരാതി.
വിഷയത്തിൽ ഡിഎംകെ സഖ്യകക്ഷിയായ സിപിഎമ്മും സിപിഐയും വിസികെയും തൊഴിലാളികൾക്കൊപ്പമാണ്. 1800 തൊഴിലാളികളുള്ള കമ്പനി സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്നും സമരക്കാരെ ഉപദ്രവിക്കുകയാണെന്നും നേതാക്കൾ പരാതി നൽകിയിട്ടുണ്ട്. തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുക, വേതന വർധനവ്, തൊഴിൽ സമയം 8 മണിക്കൂറാക്കൽ എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പത്ത് വർഷമായി ജോലി ചെയ്യുന്നവർക്ക് 25000 രൂപ മാത്രമാണ് വേതനമെന്നും ഇത് 36,000 രൂപയാക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു.
സിഐടിയു നേതൃത്വത്തിൽ സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ രൂപീകരിച്ചതും മാനേജ്മെന്റിനെ പ്രകോപിപ്പിച്ചു. യൂണിയൻ പ്രവർത്തനം മാനേജ്മെൻ്റ് വിലക്കി. ഇതോടെ വിസികെ നേതാവും എംപിയുമായ തോൾ തിരുമാവളവനും സിപിഎം സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണനും സിപിഐ സെക്രട്ടറി മുത്തരശനും പ്രതിഷേധിച്ചു. മുഖ്യമന്ത്രി സ്റ്റാലിൻ നേരിട്ട് ഇടപെടണമെന്നാണ് ഇവരുടെയും ആവശ്യം.
അതേസമയം സമരത്തിൽ ഡിഎംകെ സർക്കാരിനെ പിന്തുണച്ച് ബിജെപി രംഗത്തെത്തി. ബദ്ധവൈരികളായ ഡിഎംകെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഡിഎംകെ, ബിജെപിയുമായി അടുക്കുകയാണെന്ന വിമർശനം വന്നു. എന്നാൽ ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ ഇത് നിഷേധിച്ചു.
ബിജെപിയുമായി ഒരുതരത്തിലും യോജിക്കില്ലെന്നും സമരം ഒത്തുതീർപ്പാക്കുമെന്നും തൊഴിലാളികൾക്കൊപ്പമാണ് സർക്കാരെന്നും ഇളങ്കോവൻ വ്യക്തമാക്കി. കേന്ദ്രം വിഷയത്തിൽ ഇടപെടണമെന്ന് സംസ്ഥാന ധനമന്ത്രി ആവശ്യപ്പെട്ടു. എന്നാൽ സമരക്കാരുടെ പല ആവശ്യങ്ങളും പരിഗണിക്കുമെന്ന് ഉറപ്പുനൽകിയിട്ടും സമരം തുടരുന്നത് ട്രേഡ് യൂണിയൻ വളർത്താനാണ് എന്നാണ് മാനേജ്മെൻ്റിൻ്റെ പക്ഷം.