NEWSROOM

എല്ലാ മേഖലയിലും ഒരു ഹേമ കമ്മിറ്റി ആവശ്യമാണ്: അനന്യ പാണ്ഡെ

ഹേമ കമ്മിറ്റി പോലെയുള്ള ഒരു ബോഡി രൂപീകരിക്കുന്നതിനായുള്ള സ്ത്രീകളുടെ കൂട്ടായ പരിശ്രമത്തേയും അവർ പ്രശംസിച്ചു

Author : ന്യൂസ് ഡെസ്ക്

സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷ അത്യധികം പ്രാധാന്യമുള്ളതെന്ന് ബോളിവുഡ് നടി അനന്യ പാണ്ഡെ. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ലൈംഗിക ചൂഷണം തടയാൻ ഹേമ കമ്മിറ്റി പോലെ ഒരു കമ്മിറ്റി എല്ലായിടത്തും ആവശ്യമാണെന്നും അനന്യ പറഞ്ഞു.ബംഗളൂരുവിൽ നടന്ന ഇന്ത്യ ടുഡേയുടെ മൈൻഡ് റോക്ക്സ് യൂത്ത് സമ്മിറ്റിലായിരുന്നു അന്യയുടെ പ്രതികരണം. ഹേമ കമ്മിറ്റി പോലെയുള്ള ഒരു ബോഡി രൂപീകരിക്കുന്നതിനായുള്ള സ്ത്രീകളുടെ കൂട്ടായ പരിശ്രമത്തേയും അവർ പ്രശംസിച്ചു.

"എല്ലാ മേഖലയിലും സ്ത്രീകൾ ഒത്തുചേർന്ന് ഹേമ കമ്മിറ്റി പോലെയുള്ള ഒരു കമ്മിറ്റി ആരംഭിക്കേണ്ടത് വളരെ പ്രധാനമാണ്. സ്ത്രീകളല്ലാതെ മറ്റാരും ഇത് ചെയ്യുന്നില്ല. തീർച്ചയായും ഒരു മാറ്റം വന്നിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു. നിങ്ങൾക്കും അത് കാണാൻ കഴിയും,കുറഞ്ഞ പക്ഷം ആളുകൾ ആ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുയെങ്കിലും ചെയ്യുന്നു.ഇനിയും ഏറെ ദൂരം പോകാനുണ്ട്, വലിയ യുദ്ധങ്ങൾ നടക്കാനിരിക്കുന്നതേ ഉള്ളൂ"- അനന്യ പറഞ്ഞു.

ചില പ്രൊഡക്ഷൻ ഹൗസുകളും സിനിമാ നിർമ്മാതാക്കളും സെറ്റുകളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അവരുടെ പ്രക്രിയകളിലും നയങ്ങളിലും മാറ്റങ്ങൾ വരുത്താൻ തുടങ്ങിയിട്ടുണ്ടെന്നും അനന്യ കൂട്ടിച്ചേർത്തു.ഇപ്പോഴത്തെ കരാറുകളിൽ പലതിലും ഹെൽപ്‍‌ലൈൻ നമ്പറുകൾ കൂടി ചേർത്തിട്ടുണ്ട്.കോൾ ഷീറ്റുകളിൽ പോലും ഈ നമ്പറുകളുണ്ട്. നിങ്ങൾ പേരു വെളിപ്പെടുത്താതെ പരാതി നൽകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പോലും അതിനു കഴിയും.ഈ പ്രശ്‌നം കഴിയുന്നത്ര വേഗത്തിൽ പരിഹരിക്കേണ്ടത് പ്രധാനമാണെന്നും അനന്യ അറിയിച്ചു.

അഭിനേതാവെന്ന നിലയിൽ ആളുകളെ സ്വാധീനിക്കാനുള്ള ശക്തിയെക്കുറിച്ച് മനസ്സിലാക്കുന്നതായും അനന്യ പറഞ്ഞു. യുവതാരങ്ങൾ സ്വയം തെരഞ്ഞെടുപ്പുകൾ നടത്തേണ്ടതുണ്ടെന്നും പ്രധാനപ്പെട്ട വിഷയങ്ങളിൽ നിലപാട് സ്വീകരിക്കേണ്ടതാണെന്നും അനന്യ കൂട്ടിച്ചേർത്തു.

SCROLL FOR NEXT