NEWSROOM

'എല്ലാവര്‍ക്കും ഷാഹിദ് അഫ്രീദിയാകാന്‍ സാധിക്കില്ല'; പാക് താരങ്ങളെ വിമര്‍ശിച്ച് അഫ്രീദി

സ്പിന്നര്‍മാരെ ആവശ്യമുള്ളപ്പോള്‍ പേസര്‍മാരെ തെരഞ്ഞെടുക്കും. പേസര്‍മാരെ ആവശ്യമുള്ളിടത്ത് സ്പിന്നര്‍മാരെ അയക്കുമെന്നും മുൻതാരം

Author : ന്യൂസ് ഡെസ്ക്

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് ഇത് നല്ല കാലമല്ല, സെലക്ഷന്‍ മുതല്‍ ടീമിന്റെ പ്രകടനം വരെ നിരാശപ്പെടുത്തുന്നതാണെന്ന് ഇനി പറയാന്‍ ആരുമില്ല. ചാംപ്യന്‍സ് ട്രോഫിയില്‍ ആതിഥേയരായിരുന്ന ടീം ഗ്രൂപ്പ് റൗണ്ടില്‍ തന്നെ പുറത്തായപ്പോള്‍ മുതല്‍ മുന്‍ താരങ്ങളും ആരാധകരുമെല്ലാം പറഞ്ഞു തുടങ്ങിയതാണ്, ഇപ്പോഴിതാ ന്യൂസിലന്റിനെതിരായ ടി20 യിലെ പ്രകടനവും ടീമിന് തിരിച്ചടിയായിരിക്കുകയാണ്.

ടീമിന്റെ മോശം പ്രകടനത്തില്‍ ടീമംഗങ്ങള്‍ക്കും മാനേജ്‌മെന്റിനും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ താരം ഷാഹിദ് അഫ്രീദി. ടീമിന്റെ സെലക്ഷനിലും താരങ്ങളെ ഉപയോഗിക്കുന്നതിലും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് (പിസിബി) പിഴച്ചുവെന്നാണ് അഫ്രീദിയുടെ വിമര്‍ശനം.

ബാറ്റ്‌സ്മാന്മാരുടെ സമീപനത്തില്‍ പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അഫ്രീദി എല്ലാവര്‍ക്കും 'ഷാഹിദ് അഫ്രീദി'യെ പോലെ ബാറ്റ് ചെയ്യാനാണ് ആഗ്രഹമെന്നും പരിഹസിച്ചു. പക്ഷേ, എല്ലാ മത്സരത്തിലും നിങ്ങള്‍ക്ക് 200 റണ്‍സ് നേടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്ത് പതിനൊന്ന് മത്സരങ്ങളില്‍ മാത്രം കളിച്ച ഫസ്റ്റ് ക്ലാസ് കളിക്കാരെയാണ് അവര്‍ അയച്ചത്. സ്പിന്നര്‍മാരെ ആവശ്യമുള്ളപ്പോള്‍ പേസര്‍മാരെ തെരഞ്ഞെടുക്കും. പേസര്‍മാരെ ആവശ്യമുള്ളിടത്ത് സ്പിന്നര്‍മാരെ തിരഞ്ഞെടുക്കും. പ്രാദേശിക മത്സരങ്ങളില്‍ കഴിവ് തെളിയിച്ച ഉസ്മാന്‍ ഖാന്‍, മുഹമ്മദ് ഹസ്‌നൈന്‍ എന്നിവരെ പോലുള്ള താരങ്ങളെ ദേശീയ ടീമില്‍ മത്സരിപ്പിക്കാതെ അകറ്റി നിര്‍ത്തുകയാണ്.

അവസരം കാത്ത് നില്‍ക്കുന്ന ഈ താരങ്ങളെ പാക് ക്രിക്കറ്റ് ബോര്‍ഡ് കാലങ്ങളായി അവഗണിച്ചു കൊണ്ടിരിക്കുകയാണ്. അവസരം നല്‍കാനല്ലെങ്കില്‍ പിന്നെന്തിനാണ് അവരെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അഫ്രീദി ചോദിച്ചു.

ക്യാപ്റ്റനെന്ന നിലയില്‍ ബാബര്‍ അസമിന് ആവശ്യത്തിലധികം അവസരം നല്‍കിയപ്പോള്‍ മുഹമ്മദ് റിസ്വാന് വെറും ആറ് മാസമാണ് അവസരം നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാക് ക്രിക്കറ്റ് ബോര്‍ഡ് നേതൃത്വത്തിനെതിരെയും അഫ്രീദി രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. സ്ഥിരമായ ചെയര്‍മാനെയാണ് ബോര്‍ഡിന് ആവശ്യം. ബോര്‍ഡില്‍ തുടര്‍ച്ചയായുണ്ടാകുന്ന മാറ്റങ്ങളും തീരുമാനങ്ങളെടുക്കുന്നതിലെ പൊരുത്തക്കേടുകളും ടീമിനെ ദോഷകരമായി ബാധിക്കുമെന്നും അഫ്രീദി പറഞ്ഞു.


SCROLL FOR NEXT