പി.വി. അൻവറിന്‍റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് എളമരം കരീം. പറയുന്നതു പോലെ എളുപ്പമല്ല പുതിയ പാർട്ടി രൂപീകരിക്കുന്നതെന്ന് കരീം പറഞ്ഞു. നേരത്തെ അഭിപ്രായ വ്യത്യാസത്തോടെ പോയവർ പാർട്ടി രൂപീകരിച്ചിരുന്നു. അവരുടെ ഗതി എന്താണെന്ന് എല്ലാവർക്കും അറിയാം. കോൺഗ്രസിൽ നിന്ന് പുറത്തു പോയി പാർട്ടി രൂപീകരിച്ചവരുടെ ഗതിയും അറിയാമല്ലോ. അതൊക്കെ ആലോചിക്കുന്നത് നല്ലതാണെന്നും എളമരം കരീം പറഞ്ഞു.
സിപിഎമ്മിനെ ദുർബലപ്പെടുത്തുക എന്നത് വലിയ അജണ്ടയാണെന്നും,കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികൾക്ക് കിട്ടുന്ന ഏത് ആയുധവും സിപിഎമ്മിനെതിരെ തിരിച്ചുവിടുന്നുവെന്നും എളമരം കരീം ആരോപിച്ചു. എളുപ്പത്തിൽ ഈ പ്രസ്ഥാനത്തെ ദുർബലപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ പാർട്ടി പ്രഖ്യാപനവുമായി ഇന്ന് രാവിലെയാണ് പി.വി. അൻവർ രംഗത്തെത്തിയത്. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രതിനിധികൾ മത്സരിക്കുമെന്നും അൻവർ വ്യക്തമാക്കി. നേരത്തെ സിപിഎമ്മിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പിവി അൻവർ രംഗത്തെത്തിയിരുന്നു. അൻവർ തുടർച്ചയായി ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെയും പൊലീസിനെതിരെയുമടക്കം ഉന്നയിക്കുന്നത്.