പുതുതായി അവതരിപ്പിച്ച ഐഫോണ്‍ 16 സീരീസിന്റെ സവിശേഷതകളെ കുറിച്ചുള്ള ഗവേഷണത്തിലായിരിക്കും. സെപ്റ്റംബര്‍ 20 നാണ് ഇന്ത്യയില്‍ പുതിയ സീരീസ് വിപണിയിലെത്തുന്നത്. കാലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ നടന്ന ഗ്ലോടൈം ഇവന്റിലെ സൂപ്പര്‍ സ്റ്റാര്‍ ഐഫോണ്‍ 16 ആണെങ്കിലും വേറെയും താരങ്ങള്‍ അവതരിച്ചിരുന്നു. പുതുമകള്‍ ഏറെ നിറഞ്ഞതായിരുന്നു ആപ്പിളിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹാര്‍ഡ് വെയര്‍ ലോഞ്ച്. ഐഫോണിനെ കൂടാതെ ഇവന്റില്‍ അവതരിപ്പിച്ച മറ്റ് ആപ്പിള്‍ ഉത്പന്നങ്ങളെ കുറിച്ചറിയാം. സെപ്റ്റംബര്‍ 20 നാണ് ആപ്പിളിന്റെ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നത്.
ആപ്പിള്‍ വാച്ച് സീരീസ് 10
ഇവന്റില്‍ ആദ്യം അവതരിപ്പിച്ചത് ആപ്പിള്‍ വാച്ച് സീരീസ് 10 ആണ്.
ഇതുവരെ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും കനം കുറഞ്ഞതും ഏറ്റവും നൂതനവുമായ വാച്ചാണ് ഇത്. പരിഷ്‌കരിച്ച ഡിസൈനില്‍, ആപ്പിള്‍ വാച്ചുകളില്‍ ഏറ്റവും വലിയ ഡിസ്‌പ്ലേയുമായാണ് സീരീസ് 10 എത്തുന്നത്. നൂറ് കോടിയിലധികം ആളുകള്‍ നേരിടുന്ന ഏറ്റവും വലിയ ഉറക്ക പ്രശ്‌നമായ സ്ലീപ് അപ്‌നിയയെ കുറിച്ചുള്ള മുന്നറിയിപ്പ് പുതിയ വാച്ച് നല്‍കും. അതിവേഗ ചാര്‍ജിങ്, ജലത്തിന്റെ ആഴവും താപനിലയും വരെ മനസ്സിലാക്കാനുള്ള സാങ്കേതിക വിദ്യ എന്നിവയൊക്കെ ആയാണ് ആപ്പിള്‍ വാച്ച് സീരീസ് 10 എത്തുന്നത്.
അലൂമിനിയം, ടൈറ്റാനിയം ഫിനിഷിങ്ങില്‍ ജെറ്റ് ബ്ലാക്ക്, പോളിഷ്ഡ് ടൈറ്റാനിയം നിറങ്ങളില്‍ വാച്ച് ലഭിക്കും. മുന്‍ മോഡലുകളേക്കാള്‍ പത്ത് ശതമാനം കനം കുറവാണ്. അതിനാല്‍ തന്നെ ധരിക്കാനും കൂടുതല്‍ സൗകര്യപ്രദമായിരിക്കും. കൂടുതല്‍ വലിയ ഡിസ്‌പ്ലേ 30 ശതമാനം കൂടുതല്‍ ആക്ടീവ് സ്‌ക്രീന്‍ ഏരിയ ഉറപ്പ് നല്‍കുന്നു. 46,900 രൂപയാണ് വാച്ചിന്റെ വില.
ആപ്പിള്‍ വാച്ച് അള്‍ട്രാ 2
കായികതാരങ്ങളേയും സാഹസികരേയും ലക്ഷ്യമിട്ടാണ് ആപ്പിള്‍ വാച്ച് അള്‍ട്രാ 2 എത്തുന്നത്. ആകര്‍ഷണീയമായ നിരവധി പുതിയ ഫീച്ചറുകളും ഒപ്പമുണ്ട്. സ്ലീപ് അപ്നിയ നോട്ടിഫിക്കേഷനു പുറമേ, ആരോഗ്യനിരീക്ഷണത്തിന് ഒഎസ് 11 അപ്ഡേറ്റിന്റെ ഭാഗമായി വൈറ്റല്‍സ് ആപ്പും ടൈഡ്സ് ആപ്പും ഉണ്ട്. 89,900 രൂപയാണ് വില.
ആപ്പിള്‍ ഉത്പന്നങ്ങളില്‍ വെച്ച് ഏറ്റവും മികച്ച ഡിസ്‌പ്ലേയാണ് മറ്റൊരു സവിശേഷത. 3000 nits
ബ്രൈറ്റ്‌നസിലാണ് ആപ്പിള്‍ വാച്ച് അള്‍ട്രാ 2 എത്തുന്നത്. ദൂരവും റൂട്ട് മാപ്പിങ്ങും കൃത്യമായി മനസ്സിലാക്കാന്‍ ഡ്യുവല്‍ ഫ്രീക്വന്‍സി ജിപിഎസ് സഹായിക്കും.
എയര്‍പോഡ്‌സ് 4
സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷനൊപ്പം ആക്ടീവ് നോയിസ് കാന്‍സലേഷന്‍ (ANC) എന്നിങ്ങനെ രണ്ട് മോഡലുകളിലായാണ് എയര്‍പോഡ്‌സ് 4 എത്തുന്നത്. ഉപയോക്താക്കളുടെ സൗകര്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയിലാണ് രൂപകല്‍പന. തല കുലുക്കി യെസ്, നോ അറിയിച്ച് സിരിയോട് കൂടുതല്‍ എളുപത്തില്‍ പ്രതികരിക്കാന്‍ സഹായിക്കുന്നു. കൂടുതല്‍ മെച്ചപ്പെടുത്തിയ ഓഡിയോ പ്രകടനം, വ്യക്തിഗതമാക്കിയ സ്‌പേഷ്യല്‍ ഓഡിയോ, വോയ്സ് ഐസൊലേഷന്‍, സിരി ഇന്ററാക്ഷന്‍ പോലുള്ള ഇന്റലിജന്റ് വോയ്സ് ഫീച്ചറുകള്‍ ലഭിക്കും. H2 ചിപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. 30 മണിക്കൂര്‍ വരെ ഉപയോഗിക്കാവുന്ന ബാറ്ററി ലൈഫ് എടുത്തു പറയേണ്ടതാണ്. യുഎസ്ബി-സി വയര്‍ലെസ് ചാര്‍ജിങ്ങുമുണ്ട്.
എയര്‍പോഡ്‌സ് മാക്‌സ്
മിഡ്‌നൈറ്റ്, സ്റ്റാര്‍ലൈറ്റ്, ബ്ലൂ, ഓറഞ്ച്, പര്‍പ്പിള്‍ എന്നിങ്ങനെ അഞ്ച് ആകര്‍ഷകമായ നിറങ്ങളിലാണ് എയര്‍പോഡ്‌സ് മാക്‌സ് എത്തുന്നത്. ആപ്പിളിന്റെ മറ്റ് പ്രൊഡക്ടുകളുമായി മാച്ച് ചെയ്യുന്ന രീതിയിലാണ് നിറങ്ങള്‍.
എയര്‍പോഡ്‌സ് പ്രോ 2
ശ്രവണ ആരോഗ്യ ഫീച്ചറുകളുമായാണ് എയര്‍പോഡ്‌സ് പ്രോ 2 എത്തുന്നത് എന്നത് വലിയ പ്രത്യേകതയാണ്. പൂര്‍ണ്ണമായ ശ്രവണ ആരോഗ്യ പരിഹാരം വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഹെഡ് ഫോണ്‍ എന്ന പ്രത്യേകതയുമായാണ് എയര്‍പോഡ്‌സ് 2 എത്തുന്നത്. ഉപയോക്താവിന്റെ കേള്‍വിശക്തിക്ക് പ്രശ്‌നങ്ങള്‍ അതടക്കം കണ്ടുപിടിക്കും.