കഠിനംകുളം ആതിര കൊലപാതക കേസിൽ തെളിവെടുപ്പ് ഇന്ന് നടക്കും. തെളിവെടുപ്പിനായി പ്രതിയായ ജോൺസണെ തിരുവനന്തപുരത്തെത്തിച്ചു. എലിവിഷം കഴിച്ചതിനെ തുടർന്ന് കോട്ടയത്ത് ചികിത്സയിലിരിക്കെയാണ് ജോൺസണെ തെളിവെടുപ്പിനായി എത്തിച്ചത്.
താനാണ് കൃത്യം നടത്തിയതെന്ന് പ്രതി ജോൺസൺ സമ്മതിച്ചിരുന്നു. ആതിര തനിക്കൊപ്പം ഇറങ്ങി വരാത്തതിൻ്റെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിൽ. ലൈംഗിക ബന്ധത്തിനിടെയാണ് ആതിരയെ കുത്തിയതെന്ന് ജോൺസൺ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഷർട്ടിൽ രക്തം പുരണ്ടതിനാൽ, ആതിരയുടെ ഭർത്താവിൻ്റെ ഷർട്ട് ധരിച്ചാണ് പ്രതി മടങ്ങിയത്. തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നുവെന്ന് തോന്നിയതിനാലാണ് ആതിരയെ വകവരുത്തിയതെന്നും പ്രതി പറഞ്ഞിരുന്നു.
കൃത്യം നടന്ന ദിവസം രാവിലെ 6.30 ഓടെയാണ് ആതിര താമസിക്കുന്ന വീടിന് സമീപം പ്രതി എത്തിയത്. ആതിരയുടെ ഭർത്താവ് കഠിനംകുളം പാടിക്കവിളാകം ഭഗവതിക്ഷേത്രത്തിലെ പൂജാരിയാണ്. ഇയാൾ രാവിലെ പൂജയ്ക്കായി അമ്പലത്തിൽ പോയി. ഇവരുടെ മകൻ സ്കൂളിലേക്ക് ബസ് കയറിയതോടെ, പ്രതി വീട്ടിനുള്ളിലേക്ക് കയറി.
വീട്ടിലെത്തിയ ജോൺസണ് ആതിര ചായ നൽകി. കയ്യിൽ കരുതിയിരുന്ന കത്തി ഇതിനിടെ മെത്തക്കടിയിൽ ഒളിപ്പിച്ചിരുന്നു. പിന്നീട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ആതിരയുടെ കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു എന്നാണ് പ്രതിയുടെ മൊഴി.
ചോര പുരണ്ട സ്വന്തം ഷർട്ട് വീട്ടിൽ ഉപേക്ഷിച്ചു. ആതിരയുടെ ഭർത്താവിൻ്റെ ഷർട്ട് ധരിച്ച് വീടിന് പുറത്തെത്തി. ശേഷം ആതിരയുടെ സ്കൂട്ടറിലാണ് ഇയാൾ കടന്നുകളഞ്ഞത്. പിന്നീട് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രതി സ്കൂട്ടർ ഉപേക്ഷിച്ച് ട്രെയിനിൽ കയറി രക്ഷപ്പെടുകയായിരുന്നു. ക്ഷേത്രത്തിൽ പൂജ കഴിഞ്ഞ് മടങ്ങിയെത്തിയ ആതിരയുടെ ഭർത്താവ് രാജേഷ് ആണ് ഭാര്യ കഴുത്തിന് കുത്തേറ്റ് മരിച്ചുകിടക്കുന്നത് ആദ്യം കണ്ടത്.
കൊല്ലം സ്വദേശിയായ ജോണ്‍സണ്‍ ഔസേപ്പിനെ കോട്ടയം ചിങ്ങവനം പൊലീസ് പിറ്റേദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ചിങ്ങവനത്തിനടുത്ത് കുറിച്ചിയില്‍ ഒരു വീട്ടില്‍ ഇയാൾ ഹോംനഴ്സായി ജോലിചെയ്യുകയായിരുന്നു. പ്രതി ജോൺസൺ തന്നെയെന്ന് പൊലീസ് നേരത്തേ തിരിച്ചറിഞ്ഞിരുന്നു. കുറ്റകൃത്യം സംബന്ധിച്ച വാർത്താചിത്രങ്ങൾ കണ്ട്, ഇയാളാണ് പ്രതിയെന്ന് വീട്ടുകാർക്ക് സംശയം തോന്നി. ഡിസംബർ എട്ടിനാണ് ജോൺസൺ കുറിച്ചിയിലെ വീട്ടിൽ ജോലിക്ക് എത്തിയത്. ജനുവരി 7 വരെ ജോലി ചെയ്തു. വസ്ത്രങ്ങളെടുക്കാൻ പ്രതി എത്തിയപ്പോഴാണ് വീട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്.