NEWSROOM

സിഖ് വിരുദ്ധ കലാപക്കേസിൽ കോണ്‍ഗ്രസ് മുന്‍ എംപി സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവ്

സജ്ജൻ കുമാർ ഈ ആൾക്കൂട്ടത്തിൻ്റെ ഭാഗമാവുക മാത്രമല്ല ചെയ്തതെന്നും അവർക്ക് നേതൃത്വം കൂടി നൽകിയെന്നും കോടതി പറഞ്ഞിരുന്നു

Author : ന്യൂസ് ഡെസ്ക്

1984ലെ സിഖ് വിരുദ്ധ കലാപക്കേസിൽ ഉൾപ്പെട്ട കോണ്‍ഗ്രസ് മുന്‍ എംപി സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ. ദില്ലിയിലെ വിചാരണ കോടതിയുടേതാണ് ശിക്ഷാവിധി. സരസ്വതി വിഹാറിൽ വെച്ച് അച്ഛനെയും മകനെയും തീകൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് കോടതി ഇന്ന് എംപിക്ക് ശിക്ഷ വിധിച്ചത്. ജസ്വന്ത് സിങ്, മകന്‍ തരുണ്‍ദീപ് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് വിധിപുറപ്പെടുവിച്ചത്.



തുടക്കത്തില്‍ പഞ്ചാബി ഭാഗ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്തു അന്വേഷിച്ച കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. 2021 ഡിസംബര്‍ 16ന്‌ സജ്ജൻ കുമാർ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിരുന്നു. പ്രതിയായ സജ്ജൻ കുമാർ ഈ ആൾക്കൂട്ടത്തിൻ്റെ ഭാഗമാവുക മാത്രമല്ല ചെയ്തതെന്നും അവർക്ക് നേതൃത്വം കൂടി നൽകിയെന്നും കോടതി പറഞ്ഞിരുന്നു.

1984 ഒക്ടോബർ 31ന് അന്നത്തെ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയെ സിഖ് അംഗരക്ഷകർ വെടിവെച്ചു കൊന്നതിനെ തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഒരു കൂട്ടം ആളുകൾ പ്രതികാരബുദ്ധിയോടെ സിഖുകാരുടെ സ്വത്തുവകകള്‍ വന്‍ തോതില്‍ കൊള്ള നടത്തിയെന്നും നശിപ്പിച്ചുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. ഇതിനിടെയാണ് ഈ കേസിൻ്റെ പരാതിക്കാസ്പദമായ കൊലപാതകം നടക്കുന്നത്. ജസ്വന്ത് സിങ്, മകന്‍ തരുണ്‍ദീപ് സിങ് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. അക്രമികള്‍ ഇവരുടെ വീട് കൊള്ളയടിക്കുകയും തീവെക്കുകയും ചെയ്തു. ജസ്വന്ത് സിങിൻ്റെ ഭാര്യയാണ് കേസിലെ പരാതിക്കാരി.

ഔട്ടർ ഡൽഹി നിയോജകമണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംപിയായിരുന്നു സജ്ജൻ കുമാർ. മൂന്ന് തവണയാണ് മണ്ഡലത്തിൽ നിന്നും സജ്ജൻ കുമാർ ലോക്സഭയിൽ എത്തിയത്. 2018 ഡിസംബറിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട ഒരു കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. ​ഇതോടെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സജ്ജൻ കുമാർ രാജിവച്ചു.

SCROLL FOR NEXT