NEWSROOM

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; കാരണം അമിതവേഗമെന്ന് നി​ഗമനം: ഡ്രൈവർകസ്റ്റഡിയിൽ

സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്

Author : ന്യൂസ് ഡെസ്ക്



തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് അപകടത്തിന് കാരണം അമിതവേഗമെന്ന് നി​ഗമനം. ഡ്രൈവർ അരുൾ ദാസ് മദ്യപിച്ചിരുന്നതായും പൊലീസിന് സംശയമുണ്ട്. സംഭവത്തിൽ ഡ്രൈവർ അരുൾ ദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അപകട ശേഷം അരുൾ ദാസ് ഓടി രക്ഷപ്പെട്ടിരുന്നു. അപകടത്തിൽ ഇയാളുടെ കണ്ണിനും സാരമായ പരിക്കുണ്ട്.

കഴിഞ്ഞ​​ദിവസം രാത്രിയോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ കാവല്ലൂർ സ്വദേശിനി ദാസനിക്ക് ജീവൻ നഷ്ടമായിരുന്നു. 38 പേർക്ക് പരിക്കേറ്റതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. കാട്ടാക്കട പെരുങ്കടവിളയിൽ നിന്നും മൂന്നാറിലേക്ക് ടൂർ പോയവരുടെ ബസാണ് അപകടത്തിൽപ്പെട്ടത്. 49ഓളം പേരാണ് ബസിലുണ്ടായിരുന്നത്.

പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നെടുമങ്ങാട്, ചെങ്കൽചൂള എന്നിവിടങ്ങളിലെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വളവ് തിരിയുന്നതിനിടെയാണ് അപകടം ഉണ്ടായത്.

അപകടത്തെ തുടർന്ന് മെഡിക്കല്‍ കോളേജില്‍ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്താന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനാണ് നിര്‍ദേശം നല്‍കിയത്.


SCROLL FOR NEXT