NEWSROOM

സംവിധായകരെ കഞ്ചാവുമായി പിടികൂടിയ സംഭവം: 'മേയ് 7ന് മുൻപ് ഹാജരാവണം'; സമീർ താഹിറിന് എക്സൈസ് നോട്ടീസ്

സംവിധായകർക്ക് കഞ്ചാവ് വിൽപ്പനക്കാരനെ പരിചയപ്പെടുത്തി നൽകിയാളെ ഇന്ന് ചോദ്യം ചെയ്യും.

Author : ന്യൂസ് ഡെസ്ക്

ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരെ പിടികൂടിയ കേസിൽ ഛായാഗ്രാഹകനും സംവിധായകനുമായ സമീർ താഹിറിന് എക്സൈസിൻ്റെ നോട്ടീസ്. മേയ് ഏഴാം തിയ്യതിക്ക് മുൻപ് എക്സൈസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. സംവിധായകർക്ക് കഞ്ചാവ് വിൽപ്പനക്കാരനെ പരിചയപ്പെടുത്തി നൽകിയാളെ ഇന്ന് ചോദ്യം ചെയ്യും.

കഴിഞ്ഞ ഞായറാഴ്ചയാണ് സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്‌റഫ് ഹംസയേയും സമീർ താഹിറിൻ്റെ ഫ്ലാറ്റിൽ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്. കൊച്ചി ഗോശ്രീ പാലത്തിന് സമീപമുള്ള ഫ്‌ളാറ്റില്‍ ഇന്നലെ രാത്രി നടന്ന റെയ്ഡിലായിരുന്നു എക്‌സൈസ് ഇരുവരെയും പിടികൂടിയത്. 1.50 ഗ്രാം കഞ്ചാവ് ഇവരില്‍ നിന്നും കണ്ടെത്തിയിരുന്നു. കസ്റ്റഡയിലെടുത്ത ശേഷം ഇരുവരേയും ജാമ്യത്തില്‍ വിട്ടു. ഇവര്‍ക്കൊപ്പം ഷാലിഫ് മുഹമ്മദ് എന്നയാളും പിടിയിലായിരുന്നു.

കേസിൽ ഷാലിഫ് മുഹമ്മദ് മൂന്നാം പ്രതിയാണ്. ഇയാളുടെ സുഹൃത്താണ് സംവിധായകർക്ക് കഞ്ചാവ് വിൽപനക്കാരനെ പരിചയപ്പെടുത്തി നൽകിയത്. ഇയാളെ ഇന്ന് എക്സൈസ് സംഘം ചോദ്യം ചെയ്യും. സമീറിന്റെ അറിവോടെയാണോ കഞ്ചാവ് ഉപയോഗം എന്നതടക്കം അറിയാനായി സമീർ താഹിറിനെ ചോദ്യം ചെയ്യുമെന്ന് എക്‌സൈസ് നേരത്തെ അറിയിച്ചിരുന്നു. സമീര്‍ താഹിറിനെതിരെ തെളിവ് ലഭിച്ചാല്‍ പ്രതി ചേര്‍ക്കുമെന്നും പൊലീസ് അറിയിച്ചു.

SCROLL FOR NEXT