സിനിമയിലേക്കും ലഹരി അന്വേഷണം വ്യാപിപ്പിച്ച് എക്സൈസ്. പിന്നണി ഗായിക, ഗായകൻ, നായക നടൻ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവർ സ്റ്റേജ് ഷോകൾക്ക് മുൻപായി സ്ഥിരമായി ലഹരി ഉപയോഗിക്കുന്നെന്ന് കണ്ടെത്തി. നടൻ്റെ വാഹനത്തിൽ നിന്ന് ലഹരി ഉപയോഗത്തിന്റെ തെളിവുകളും എക്സൈസിന് ലഭിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി കിട്ടിയാൽ ഇവരെ ചോദ്യംചെയ്യും.
നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് പത്തിലധികം ന്യൂ ജെൻ ഗായകർ കഴിഞ്ഞ ദിവസം മുതൽ നിരീക്ഷണത്തിലാണ്. പരിപാടികള്‍ക്ക് മുന്‍പും ശേഷവും ചില ന്യൂജെന്‍ ഗായകര്‍ രാസലഹരി ഉള്‍പ്പെടെ ഉപയോഗിക്കുന്നുവെന്നും ലഹരി ഉപയോഗിക്കാന്‍ മറ്റുള്ളവര്‍ക്ക് അവസരമുണ്ടാക്കി നല്‍കുന്നുവെന്നും എക്‌സൈസിന് നേരത്തെ ലഭിച്ചിരുന്നു.
അമിത ലഹരി ഉപയോഗം മൂലം പണം വാങ്ങിയേറ്റെടുത്ത പരിപാടികൾ പൂർത്തിയാക്കാൻ പോലും പല ഗായകര്‍ക്കും കഴിയുന്നില്ലെന്നും പ്രാഥമിക പരിശോധനയില്‍ എക്‌സൈസ് കണ്ടെത്തിയിരുന്നു. പരിപാടി പകുതിവെച്ച് അവസാനിപ്പിച്ച് മടങ്ങുകയാണ് പലരും. എക്സൈസ് ഗായകരുടെ മുടിയുടെ സാമ്പിളുകള്‍ ഉള്‍പ്പെടെ ശേഖരിച്ച് പരിശോധിച്ചിരുന്നു.
അതേസമയം പുറംരാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് ലഹരി എത്തിക്കാൻ യുവാക്കൾ ഡാർക്ക് വെബ് ഉപയോഗിക്കുന്നതായി എക്സൈസ് കണ്ടെത്തി. കൊറിയർ വഴി ലഹരിയെത്തിക്കാൻ ശ്രമിച്ച മൂന്ന് പേരെയാണ് ഒരാഴ്ച്ചയ്ക്കിടെ എക്സൈസ് പിടികൂടിയിരിക്കുന്നത്. ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിൽ നിന്നാണ് എംഡിഎംഎ ഓർഡർ ചെയ്ത് എത്തിക്കുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ അതുൽ കൃഷ്ണന്റെ പേരിൽ രാജ്യത്തെ വിവിധ ഇടങ്ങളിൽ പാർസൽ എത്തിയിട്ടുണ്ടെന്നും കണ്ടെത്തി. കൊറിയർ സർവീസ് കേന്ദ്രങ്ങളിലടക്കം നീരിക്ഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസും എക്സൈസും.
കഴിഞ്ഞ ദിവസമാണ് രാജ്യാന്തര തപാൽ സംവിധാനം വഴി വന്ന ലഹരിമരുന്ന് എക്സൈസ് പിടികൂടിയത്. കൊച്ചി ഇന്റർനാഷനൽ പോസ്റ്റൽ അപ്രെയ്സലിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയതിനെ തുടർന്നായിരുന്നു കൊറിയർ പിടിച്ചെടുത്തത്. പിന്നാലെ തിരുവനന്തപുരം നെടുമങ്ങാട് വെമ്പായം സ്വദേശി അതുൽ കൃഷ്ണയെ എറണാകുളം എക്സൈസ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.