NEWSROOM

EXCLUSIVE | CPIM സംസ്ഥാന സമിതിയിൽ യുവാക്കള്‍ക്കും സ്ത്രീകൾക്കും പരിഗണന; പുറത്താകുന്നതും സാധ്യത പട്ടികയിലുള്ളതും ഇവർ

മൂന്ന് ഘടകങ്ങളാണ് സംസ്ഥാന സമിതിയിൽ നിന്നും അംഗങ്ങളെ ഒഴിവാക്കുന്നതിനായി പ്രധാനമായും പരി​ഗണിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

സിപിഐഎമ്മിൻ്റേത് ഇത്തവണ യുവതലമുറയ്ക്കും സ്ത്രീകൾക്കും ഇടം നൽകുന്ന സംസ്ഥാന സമിതിയെന്ന് സൂചന. സംസ്ഥാന സമിതിയിൽ നിന്ന് പുറത്താകുന്നവരുടേയും സാധ്യതാ പട്ടികയിൽ ഉള്ളവരുടെയും പേരുകള്‍ ന്യൂസ് മലയാളം ഇന്ന് പുറത്തുവിട്ടു.


സംസ്ഥാന സമിതിയിൽ നിന്നും അം​ഗങ്ങളെ ഒഴിവാക്കുന്നതിനായി പ്രധാനമായും മൂന്ന് ഘടകങ്ങളാണ് പരി​ഗണിക്കുന്നത്. കേന്ദ്ര കമ്മിറ്റി നിർദേശ പ്രകാരം പാർട്ടി കോൺ​ഗ്രസ് നേരത്തെ തീരുമാനിച്ചിട്ടുള്ള 75 വയസ് പ്രായപരിധിയാണ് ഇതിൽ പ്രധാനം. അതിൽ ഇളവ് നൽകിയിട്ടുള്ളത് മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ്. കഴിഞ്ഞ പാർട്ടി കോൺ​ഗ്രസിൽ അദ്ദേഹത്തിന് മുഖ്യമന്ത്രി എന്ന നിലയിൽ ഇളവ് നൽകിയിരുന്നു. ഈ ഇളവ് ഇത്തവണയും തുടരും. അനാരോ​ഗ്യം, വിഭാ​ഗീയ പ്രവർത്തനം, പ്രവർത്തന പോരായ്മ എന്നിവയാണ് അം​ഗങ്ങളെ പുറത്താക്കുന്നതിനുള്ള മറ്റു കാരണങ്ങൾ.

75 വയസ് പ്രായപരിധി കടന്നതിനാൽ സിപിഐഎം സംസ്ഥാന സമിതിയിൽ നിന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവർ ഒഴിവാകും. എം.വി. ബാലകൃഷ്ണൻ, പി. നന്ദകുമാ‍ർ, എം.എം. വർ​ഗീസ്, എൻ.ആർ. ബാലൻ, എം.കെ. കണ്ണന്‍,  ​ഗോപി കോട്ടമുറിക്കൽ, സി.എം. ദിനേശ് മണി, കെ. ചന്ദ്രൻപിള്ള, എസ്. ശർമ, കെ. വരദരാജൻ, സൂസൻ കോടി, പി. രാജേന്ദ്രൻ, എസ്. രാജേന്ദ്രൻ, കെ. രാജ​ഗോപാൽ, ആനാവൂർ നാ​ഗപ്പൻ എന്നിവരാണ് ഒഴിവാകുന്ന മറ്റ് അം​ഗങ്ങൾ. കരുനാ​ഗപ്പള്ളിയിലെ വിഭാ​ഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തതിനാണ് സൂസൻ കോടിയെ ഒഴിവാക്കുന്നതെന്നാണ് സൂചന.

പി. ശശി അല്ലെങ്കില്‍ എം.വി. ജയരാജൻ, ടി.എൻ. സീമ അല്ലെങ്കില്‍ കടംകംപള്ളി സുരേന്ദ്രൻ എന്നിവരെയാണ്  സംസ്ഥാന സെക്രട്ടേറിയറ്റിലെ ഒഴിവിലേക്ക് പരിഗണിക്കുന്നത്. പി.കെ. ഹരികുമാർ, ജെയ്ക് സി. തോമസ്, ടി. ആർ രഘുനാഥ്, വി.വസീഫ്, വി.കെ.സനോജ് എന്നിവരും സംസ്ഥാന സമിതിയിലേക്ക് എത്തും. പുഷ്പദാസ്, ജോൺ ഫർണാണ്ടസ്, യു.പി. ജോസഫ്, ആർ. ബിന്ദു, എൻ. സുകന്യ, ഏണസ്റ്റ്, ജയമോഹൻ എന്നിവരുടെ പേരും സംസ്ഥാന സമിതിയിലേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. 

ഡി.കെ. മുരളി, ഐ.ബി. സതീഷ്, എസ്.കെ. പ്രീജ എന്നവരുടെ പേരാണ് സംസ്ഥാന സമിതിയിലേക്ക് തിരുവനന്തപുരത്ത് നിന്നും പരി​ഗണിക്കുന്നത്. കെ.എസ് സുനിൽകുമാറിനും സാധ്യതയുണ്ട്. ആലപ്പുഴയിൽ നിന്ന് പരി​ഗണനയിലുള്ളത് പി.പി. ചിത്തരഞ്ജൻ, കെ.എച്ച്. ബാബുജാൻ, കെ. പ്രസാദ്, എച്ച്. സലാം എന്നിവരാണ്. നാളെയാകും സംസ്ഥാന സമിതിയിലേക്കുള്ള പാനൽ സമ്മേളനത്തിൽ അവതരിപ്പിക്കുക. ഈ പാനൽ ഔദ്യോ​ഗികമാകണമെങ്കിൽ സമ്മേളനം അം​ഗീകരിക്കണം.



സിപിഐഎം സംഘടനാ രീതി പ്രകാരം അഞ്ച് പുതിയ ജില്ലാ സെക്രട്ടറിമാർ (കെ.വി. അബ്ദുൾ ഖാദർ, കെ. റഫീഖ്, എം. മഹബൂബ്, വി.പി. അനിൽ, എം. രാജ​ഗോപാൽ) സംസ്ഥാന സമിതിയിൽ ഉറപ്പായും ഉണ്ടാകും.


SCROLL FOR NEXT