NEWSROOM

EXCLUSIVE | കൈരളി മൾട്ടി സ്റ്റേറ്റ് തട്ടിപ്പിൽ നിർണായക വെളിപ്പെടുത്തൽ: കൂടുതലും വ്യാജ കമ്പനി വഴി, ഓൺലൈൻ ട്രേഡിങ്ങ് ഉപയോഗിച്ചും തട്ടിപ്പ്

ക്രിപ്റ്റോ കറൻസിയിലും ഓൺലൈൻ ട്രേഡിങ്ങിലുമായി 250 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് മുൻ ജീവനക്കാരി വെളിപ്പെടുത്തി

Author : ന്യൂസ് ഡെസ്ക്

കൈരളി മൾട്ടി സ്റ്റേറ്റ് കമ്പനി ചെയർമാൻ കെ.വി. അശോകൻ്റെ തട്ടിപ്പുകളെ കുറിച്ചുള്ള അന്വേഷണത്തിൽ കൂടുതൽ കണ്ടെത്തലുകൾ പുറത്ത്. ഏറ്റവും കൂടുതൽ തട്ടിപ്പ് നടത്തിയത് വ്യാജ കമ്പനിയായ ക്യാപിറ്റൽ ബോക്സ് വഴിയെന്ന് ന്യൂസ് മലയാളം കണ്ടെത്തി. ക്രിപ്റ്റോ കറൻസിയിലും ഓൺലൈൻ ട്രേഡിങ്ങിലുമായി 250 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് മുൻ ജീവനക്കാരി വെളിപ്പെടുത്തി. പണം വിദേശത്തേക്ക് കടത്തി എന്നും ആരോപണമുണ്ട്.

വ്യാജ കമ്പനിയായ ക്യാപിറ്റൽ ബോക്സിലേക്ക് നിക്ഷേപം സ്വീകരിക്കുന്നതിനും മൾട്ടി ലെവൽ മാർക്കറ്റിങ്ങിലൂടെ നിക്ഷേപകരെ കണ്ടെത്തുന്നതിനുമായി കൈരളി സൊസൈറ്റി ചെയർമാന്‍ കെ.വി. അശോകൻ വാഗ്ദാനങ്ങൾ നൽകുന്ന വീഡിയോയും ന്യൂസ് മലയാളം പുറത്തുവിട്ടു. ഓൺലൈൻ ട്രേഡിങ്ങ്, ക്രിപ്റ്റോ കോയിൻ, ബെറ്റി കോയിൻ, വെർജിൻ കോയിൻ എന്നിവയിലൂടെ ലക്ഷങ്ങളുടെ വരുമാനും, ഉയർന്ന നിലവാരത്തിലുള്ള ജീവിതവും, സാമ്പത്തിക ഭദ്രതയും ഉണ്ടാക്കാമെന്ന് ക്യാപിറ്റൽ ബോക്സ് നടത്തിയ മീറ്റിങ്ങിൽ അശോകൻ വാഗ്ദാനങ്ങൾ നൽകുന്ന വീഡിയോയാണ് പുറത്തുവന്നത്.


2019ലാണ് അശോകനും മകൻ അമർദത്തും, തൃശൂർ സ്വദേശി ജസ്‌ലിനും ചേർന്ന് ക്യാപിറ്റൽ ബോക്സ് എൽഎൽപി എന്ന സ്ഥാപനം തൃശൂരിൽ ആരംഭിക്കുന്നത്. എംസി മൈത്ര പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലായിരുന്നു കമ്പനിയുടെ പ്രവർത്തനം. 2019 മുതൽ ക്രിപ്റ്റോ കോയിൻ, ബെറ്റി കോയിൻ, മൾട്ടി ലെവൽ മാർക്കറ്റിങ്ങ് എന്നിവയിലൂടെ വാഗ്ദാനങ്ങൾ നൽകി പണം വാങ്ങാൻ ആരംഭിക്കുകയായിരുന്നു. മൂന്ന് വർഷം കൊണ്ട് 25000 പേരിൽ നിന്നായി 250 കോടി രൂപ കമ്പനി സമാഹരിച്ചുവെന്ന് ജീവനക്കാർ പറയുന്നു. കോവിലകം നിധി ലിമിറ്റഡ്, കോവിലകം സെക്യൂർ ലിമിറ്റഡ്, കൈരളി മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് എന്നീ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ വഴിയാണ് പണം വാങ്ങിയത്.

നിക്ഷേപത്തിൻ്റെ ലാഭത്തിനും, ട്രേഡിങ്ങ് വരുമാനത്തിനും പുറമെ കേരാടെക്ക് എന്ന കമ്പനിയുടെ ലാഭവിഹിതവും അശോകനും സംഘവും വാഗ്ദാനം ചെയ്തു. നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച 250 കോടിയോളം രൂപ ദുബായ് ആസ്ഥാനമായ കമ്പനിയിലേക്ക് നൽകിയെന്ന് ഇവർ നിക്ഷേപകരോട് അറിയിച്ചു.

ഒരു ലക്ഷം രൂപയ്ക്ക് മാസം നാൽപ്പതിനായിരം രൂപ വരെയായിരുന്നു അശോകൻ്റെയും സംഘത്തിൻ്റെയും വാഗ്ദാനം. കൂടുതൽ ആളുകളെ ചേർക്കുന്നവർക്ക് കമ്മിഷനും വാഗ്ദാനം ചെയ്തിരുന്നു. ക്യാപിറ്റൽ ബോക്സിൽ നിക്ഷേപം നടത്തിയവർക്ക് നിധി ലിമിറ്റഡിൻ്റെ ബോണ്ടാണ് അശോകൻ നൽകിയത്. ഒരു വർഷത്തോളം നിക്ഷേപകർക്ക് ലാഭം ലഭിച്ചു. പിന്നെ കമ്പനി തകരാൻ തുടങ്ങുകയായിരുന്നു. നിക്ഷേപിച്ച തുകയോ, ലാഭമോ ലഭിക്കാതെയായതോടെ നിക്ഷേപകർ പരാതി നൽകിയപ്പോൾ, ചിലർക്ക് കൈരളി മൾട്ടി സ്റ്റേറ്റ് സൊസൈറ്റിയിൽ നിക്ഷേപം നൽകി. ക്യാപിറ്റൽ ബോക്സിന് കമ്പനി റെജിസ്ട്രേഷനോ മറ്റ് അംഗീകാരങ്ങളോ, ഇന്ത്യയിലോ വിദേശത്തോ മറ്റ് ഓഫീസുകളോ ഇല്ല.

SCROLL FOR NEXT