NEWSROOM

ഡൽഹി കലാപം: വിദ്യാർഥി നേതാവ് ഷർജീലിൻ്റെ ജാമ്യാപേക്ഷ അതിവേഗം തീർപ്പാക്കണം; സുപ്രീം കോടതി

ദേശവിരുദ്ധനെന്ന് മുദ്രകുത്തപ്പെട്ട് കഴിഞ്ഞ നാലു വർഷമായി ജയിലിൽ കഴിയുകയാണ് ഗവേഷക വിദ്യാർഥിയും ഐഐടി ബിരുദധാരിയുമായ ഷർജീൽ ഇമാം

Author : ന്യൂസ് ഡെസ്ക്

ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ ജയിലിൽ കഴിയുന്ന വിദ്യാർഥി നേതാവ് ഷർജീൽ ഇമാമിൻ്റെ ജാമ്യാപേക്ഷ അതിവേഗം തീർപ്പാക്കണമെന്ന് സുപ്രീം കോടതി. പലവട്ടം ഷർജീലിൻ്റെ ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും കോടതി തീർപ്പാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. ദേശവിരുദ്ധനെന്ന് മുദ്രകുത്തപ്പെട്ട് കഴിഞ്ഞ നാലു വർഷമായി ജയിലിൽ കഴിയുകയാണ് ഗവേഷക വിദ്യാർഥിയും ഐഐടി ബിരുദധാരിയുമായ ഷർജീൽ ഇമാം.

അലിഗഢിൽ നടത്തിയ ഒറ്റ പ്രസംഗമാണ് ഇമാമിനെ പൊലീസിൻ്റെ നോട്ടപ്പുള്ളിയായി മാറ്റിയത്. 2020 ജനുവരി 16 ന് അലിഗഢ് മുസ്ലിം സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൻ്റെ പേരിൽ ഡൽഹി, അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, ഉത്തർപ്രദേശ് തുടങ്ങി 5 സംസ്ഥാനങ്ങളിൽ ഇമാമിനെതിരെ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ഡൽഹി കലാപത്തിലേക്ക് വഴിവെച്ച ഗൂഢാലോചനയിൽ ഷർജീലിന് പങ്കുണ്ടെന്നാണ് പൊലീസ് വാദം.

2020 ഫെബ്രുവരി 23 ന് ആരംഭിച്ച ഡൽഹി കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും 700 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കലാപാഹ്വാനം നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഷർജീൽ ഇമാം, ഉമർ ഖാലിദ് എന്നിവരുൾപ്പെടെ 18 വിദ്യാർഥികൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് അഭിഭാഷകനോടൊപ്പം കീഴടങ്ങാൻ പോകുമ്പോഴാണ് ഡൽഹി പോലീസ് ഇമാമിനെ അറസ്റ്റ് ചെയ്യുന്നത്.

ആകെയുള്ള എട്ട് കേസുകളിൽ അഞ്ചെണ്ണത്തിൽ ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും യുഎപിഎ കേസിൻ്റെ അടിസ്ഥാനത്തിലാണ് ഇമാം ഇപ്പോഴും ജയിലിൽ തുടരുന്നത്. അതിനിടെ 64 തവണ കോടതി ഷര്‍ജീലിൻ്റെ ജാമ്യാപേക്ഷ മാറ്റിവെച്ചു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ജാമ്യാപേക്ഷ അതിവേഗം പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദേശം നൽകിയത്. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഷർജീലിന് വേണ്ടി മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ ധവെയാണ് ഹാജരായത്.

SCROLL FOR NEXT