NEWSROOM

നിര്‍ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോകാം; സംസ്ഥാന സര്‍ക്കാരിന് വിദഗ്ധ സമിതിയുടെ ശുപാര്‍ശ

ശബരിമല തീര്‍ഥാടകര്‍, പ്രവാസികള്‍, വിനോദസഞ്ചാരികള്‍ തുടങ്ങി വിമാനത്താവളം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ

Author : ന്യൂസ് ഡെസ്ക്


നിര്‍ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട് അവലോകനം ചെയ്ത ഒന്‍പതംഗ സമിതിയാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണമന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടു മാസം കൊണ്ട് നടത്തിയ സാമൂഹ്യ ആഘാത പഠനത്തിന്റെ റിപ്പോര്‍ട്ടാണ് സാമൂഹിക നീതി വകുപ്പിലെ അഡീഷണല്‍ ഡയറക്ടറായിരുന്ന പി. പ്രതാപന്‍ ചെയര്‍മാനായ ഒമ്പതംഗ വിദഗ്ധ സമിതി അവലോകനം ചെയ്തത്. വിമാനത്താവളത്തിലൂടെ സാമ്പത്തിക, സാമൂഹിക ഉന്നമനം സംസ്ഥാനത്തിന് ഉണ്ടാവും. പദ്ധതിയുണ്ടാക്കുന്ന സാമൂഹിക ആഘാതത്തെ ഭാവിയിലെ നേട്ടങ്ങള്‍ മറികടക്കുമെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. ഇതിനാല്‍ തന്നെ സംസ്ഥാന സര്‍ക്കാരിന് വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോകാമെന്നാണ് ശുപാര്‍ശ.

ശബരിമല തീര്‍ഥാടകര്‍, പ്രവാസികള്‍, വിനോദസഞ്ചാരികള്‍ തുടങ്ങി വിമാനത്താവളം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കും. സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വരുമാന സ്രോതസായി പദ്ധതിയെ മാറ്റിയെടുക്കാന്‍ കഴിയുമെന്നും റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, പദ്ധതി നടപ്പിലാവുന്നതോടെ കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചു. ചെറുവളളി എസ്റ്റേറ്റിലെ ലയങ്ങളിലുള്ള 238 കുടുംബങ്ങളെയും പുറത്തുള്ള 114 കുടുംബങ്ങളെയും മാറ്റി താമസിപ്പിക്കേണ്ടി വരും.

ഇതിനുപുറമെ കാരിത്തോട് എന്‍.എം.എല്‍.പി സ്‌കൂള്‍, ഏഴ് ആരാധനാലയങ്ങള്‍ അഞ്ച് കച്ചവട സ്ഥാപനങ്ങള്‍, ശ്മശാനങ്ങള്‍ എന്നിവയും മാറ്റി സ്ഥാപിക്കണം. പൊതുവികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആരാധനാലയങ്ങളുടെ സ്ഥലം ഏറ്റെടുക്കാമെന്ന പ്രത്യക ശുപാര്‍ശയും വിദഗ്ധ സമിതി മുന്നോട്ടുവെച്ചു. കുടിയെഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് വിമാനത്താവളത്തില്‍ ജോലി നല്‍കണമെന്നും നിര്‍ദേശമുണ്ട്.

SCROLL FOR NEXT