NEWSROOM

ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്ക് വൈദ്യപരിശോധന നടത്താന്‍ തീരുമാനം; വിദഗ്ധ ടീമിനെ നിയോഗിക്കും

ടീമിനെ നിയോഗിക്കാന്‍ ആവശ്യപ്പെട്ട് സിഡബ്ല്യുസി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കും

Author : ന്യൂസ് ഡെസ്ക്


ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്ക് അടിയന്തര വൈദ്യപരിശോധന നടത്താന്‍ തീരുമാനം. ശിശുരോഗ-മാനസികാരോഗ്യ വിദഗ്ധര്‍ അടങ്ങിയ മെഡിക്കല്‍ ടീമിനെ നിയോഗിച്ചായിരിക്കും പരിശോധന നടത്തുക. ടീമിനെ നിയോഗിക്കാന്‍ ആവശ്യപ്പെട്ട് സിഡബ്ല്യുസി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കും. ആയമാര്‍ കുട്ടിയെ ഉപദ്രവിച്ച സംഭവത്തെ തുടര്‍ന്നാണ് തീരുമാനം.

കിടക്കയില്‍ മൂത്രം ഒഴിച്ചതിനാണ് രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ ശിശുക്ഷേമ സമിതിയിലെ ആയ അജിത മുറിവേല്‍പ്പിച്ചത്. കുട്ടിയെ സ്ഥിരമായി പരിപാലിച്ചിരുന്ന മറ്റു രണ്ട് ആയമാര്‍ ഈ വിവരം മറച്ചുവയ്ക്കുകയും ചെയ്തു. കുട്ടിയെ സ്ഥാപനത്തിലെ മറ്റു ജീവനക്കാര്‍ പരിപാലിക്കാനായി എടുത്തപ്പോഴാണ് മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇവര്‍ സംഭവം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ ശിശുക്ഷേമ സമിതി വിവരം പൊലീസിനെ വിവരം അറിയിച്ചു.

മ്യൂസിയം പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മൂന്ന് ആയമാരും കുറ്റം സമ്മതിച്ചു. ഇതിനെ തുടര്‍ന്ന് മൂന്ന് ആയമാരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ അറസ്റ്റിനു പിന്നാലെ ഒരാഴ്ചക്കാലം തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരെയും പിരിച്ചു വിട്ടതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി അറിയിച്ചു.

കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുമെന്ന് വീണ ജോര്‍ജ് അറിയിച്ചു. കുട്ടികള്‍ക്ക് എതിരായ ഒരു അതിക്രമവും സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ല. ജീവനക്കാരുടെ പെര്‍ഫോര്‍മന്‍സ് ഇനി മുതല്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പെര്‍ഫോര്‍മന്‍സിന്റെ അടിസ്ഥാനത്തില്‍ മാത്രമാവും തുടര്‍ജോലിയെന്നും ആയമാരുടെ നിയമനത്തിലെ മാനദണ്ഡം പരിശോധിക്കുമെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT