NEWSROOM

അമൃത്‌സറിൽ ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ് അജ്ഞാതർ; പിന്നിൽ പാകിസ്ഥാന്റെ ഐഎസ്ഐ എന്ന് പൊലീസ്

ഖണ്ട്വാല പ്രദേശത്തെ താക്കൂർ ദ്വാര ക്ഷേത്രത്തിലാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേർ ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തുക്കൾ എറിയുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

പഞ്ചാബിലെ അമൃത്‌സറിൽ ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തുക്കളെറിഞ്ഞ് അജ്ഞാതർ. ശക്തമായ സ്ഫോടനത്തിൽ ക്ഷേത്രത്തിലെ ജനൽച്ചില്ലുകൾ തകരുകയും കെട്ടിടത്തിന്റെ ചുമരുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഖണ്ട്വാല പ്രദേശത്തെ താക്കൂർ ദ്വാര ക്ഷേത്രത്തിലാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേർ ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തുക്കൾ എറിയുകയായിരുന്നു.  ഇവർ ക്ഷേത്രത്തിന് നേരെ സ്ഫോടകവസ്തു  എറിഞ്ഞതും, ഓടി രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.


വെള്ളിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. പുലർച്ചെ രണ്ട് മണിയോടെ ക്ഷേത്രത്തിലെ പൂജാരി പൊലീസിനെ വിളിച്ച് ആക്രമണത്തെക്കുറിച്ച് അറിയിക്കുകയായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിക്കാനായി സ്ഥലത്തെത്തി. ആക്രമണത്തിന് പിന്നിൽ പാകിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസിന് (ഐഎസ്ഐ) ബന്ധമുണ്ടെന്നാണ് കമ്മീഷണറുടെ ആരോപണം.

"പുലർച്ചെ രണ്ട് മണിക്കാണ് ഞങ്ങൾക്ക് വിവരം ലഭിച്ചത്. ഞങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി. ഫോറൻസിക് സംഘത്തെ വിളിച്ചു. ഞങ്ങൾ സിസിടിവി പരിശോധിക്കുകയും സമീപത്തുള്ള ആളുകളുമായി സംസാരിക്കുകയും ചെയ്തു. പഞ്ചാബിൽ കലാപങ്ങൾ സൃഷ്ടിക്കാൻ പാകിസ്ഥാന്റെ ഐഎസ്ഐ രാജ്യത്തെ യുവാക്കളെ വശീകരിക്കുന്നതായാണ് വിവരം," പൊലീസ് കമ്മീഷണർ പറഞ്ഞു.  ദിവസങ്ങൾക്കുള്ളിൽ തന്നെ കുറ്റവാളികളെ പിടികൂടുമെന്നും പൊലീസ് കമ്മീഷണർ വ്യക്തമാക്കി. 

SCROLL FOR NEXT