NEWSROOM

ഗാസയെ ദുരിതത്തിലാക്കി കനത്ത മഴ; കടല്‍ക്ഷോഭ ഭീഷണിയില്‍ അല്‍ മവാസിയിലെ അഭയാർഥി ജനത

പോകാന്‍ മറ്റൊരിടമില്ലാതെ അല്‍-മവാസി ക്യാംപിലെ അരലക്ഷത്തോളം പേരാണ് കടല്‍ക്ഷോഭ ഭീഷണിയിൽ കഴിയുന്നത്

Author : ന്യൂസ് ഡെസ്ക്

ഗാസയിലെ അഭയാർഥി ജീവിതത്തെ കൂടുതല്‍ ദുഷ്കരമാക്കുകയാണ് പ്രതികൂല കാലാവസ്ഥ. കനത്ത മഴപ്പെയ്ത്തില്‍ ഒറ്റ രാത്രി കൊണ്ട് ഒലിച്ചുപോയത് പതിനായിരത്തോളം ടെന്‍റുകളാണ്. പോകാന്‍ മറ്റൊരിടമില്ലാതെ അല്‍-മവാസി ക്യാംപിലെ അരലക്ഷത്തോളം പേരാണ് കടല്‍ക്ഷോഭ ഭീഷണിയിൽ കഴിയുന്നത്.

യുദ്ധത്തിന് മുന്‍പ് തെക്കന്‍ ഗാസയിലെ അല്‍-മവാസി പ്രവിശ്യയിലെ ജനസംഖ്യ 9000 ആയിരുന്നു. ഇന്ന് അത് കുടിയൊഴിക്കപ്പെട്ട ഒരു ലക്ഷത്തിലധികം വരുന്ന ഗാസന്‍ ജനതയുടെ അഭയകേന്ദ്രമാണ്. തീരദേശമേഖലയായ പ്രദേശം അടുത്ത ദിവസങ്ങളില്‍ വരെ സുരക്ഷിത കേന്ദ്രങ്ങളിലൊന്നായിരുന്നു. ഒറ്റ രാത്രികൊണ്ട് പതിനായിരത്തോളം കുടിലുകളെ കടലെടുക്കുന്നതിന് മുന്‍പ് വരെ. സജ്ജീകരിക്കപ്പെട്ടതില്‍ 80 ശതമാനത്തിലധികം ക്യാമ്പുകളും കനത്ത മഴയിലും കാറ്റിലുമായി നശിച്ചതായാണ് ഗാസ മീഡിയ ഓഫീസ് പറയുന്നത്. ഇതില്‍ കടല്‍ത്തീരത്തോട് അടുത്തു കിടന്ന ടെന്‍റുകള്‍ പൂർണമായും ഒലിച്ചുപോയതായാണ് റിപ്പോർട്ട്.

തുണി- പ്ലാസ്റ്റിക് ടെന്‍റുകള്‍ കനത്ത മഴയിലും കടല്‍ക്ഷോഭത്തിലുമായി വാസയോഗ്യമല്ലാതായി തീർന്നു. ബോംബാക്രമണങ്ങളില്‍ നിന്ന് കയ്യില്‍ കിട്ടിയതുമായി പലായനം ചെയ്തവർക്ക് ആകെയുണ്ടായിരുന്ന വസ്ത്രങ്ങള്‍ പോലും നഷ്ടപ്പെട്ടു. പാചകത്തിന് ആശ്രയിച്ചിരുന്ന വിറകടുപ്പുകള്‍ ഉപയോഗശൂന്യമായി. ഭക്ഷ്യവസ്തുക്കള്‍ നനഞ്ഞലിഞ്ഞു. തണുത്തുമരവിച്ചും പനിപിടിച്ചും വിറയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വെെദ്യസഹായം പോലും കിട്ടുന്നില്ല. കടല്‍ ഇനിയും ഇരമ്പിയടുക്കുമെന്ന് മുന്നറിയിപ്പുണ്ട്. എന്നാല്‍ മറ്റൊരിടത്തേക്കും പോകാനില്ല എന്നറിയാവുന്നതുകൊണ്ട് ഇവിടെത്തന്നെ തുടരാനാണ് പലരുടെയും തീരുമാനം. കേടായ ടെൻ്റുകളുടെ അറ്റകുറ്റപ്പണികൾക്കായി കിട്ടുന്ന എല്ലാ സാമഗ്രികളും ഉപയോഗിക്കുന്ന തിരക്കിലാണ് പ്രദേശവാസികൾ. എപ്പോൾ വേണമെങ്കിലും വന്നേക്കാവുന്ന കടൽവെള്ളത്തിൻ്റെ കുത്തൊഴുക്കിനെ പ്രതിരോധിക്കാൻ ടെൻ്റുകൾക്ക് ചുറ്റും മണൽത്തിട്ടകൾ കെട്ടിയവരുമുണ്ട്.

ഗാസയിലേക്ക് ആവശ്യമായ ടെൻ്റുകളും മൊബൈൽ ഹോമുകളും എത്തിക്കുന്നതിന് സന്നദ്ധ സംഘടനകള്‍ അഭ്യർഥന പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്രയേല്‍ സഹായങ്ങളുമായെത്തുന്ന വാഹനങ്ങളെ തടയുന്നു എന്നാണ് ഗാസ അധികൃതരുടെ ആരോപണം.

SCROLL FOR NEXT