ഇയാല്‍ സമീർ 
NEWSROOM

ഇസ്രയേൽ പ്രതിരോധ സേനയ്ക്ക് പുതിയ തലവൻ; ഐഡിഎഫ് മേധാവിയായി ഇയാൽ സമീർ ചുമതലയേറ്റു

ഇയാൽ സമീറിനെ കൂടാതെ രണ്ട് പേരുടെ പേര് കൂടി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ഐഡിഎഫ് മേധാവിയായി നാമനിർദേശം ചെയ്തിരുന്നു

Author : ന്യൂസ് ഡെസ്ക്

ഗാസ വെടിനിർത്തൽ പ്രതിസന്ധികൾക്കിടെ ഇസ്രയേൽ പ്രതിരോധ സേനയ്ക്ക് പുതിയ തലവൻ. മേജർ ജനറൽ (റെസ.) ഇയാൽ സമീർ ഐഡിഎഫ് തലവനായി ചുമതലയേറ്റു. ഗാസയുദ്ധത്തിലേക്ക് നയിച്ച 2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണം പ്രതിരോധിക്കുന്നതിലുണ്ടായ വീഴ്ച അംഗീകരിച്ച് ജനുവരിയിലാണ് മുൻ തലവൻ ജനറൽ ഹെർസി ഹലേവി രാജിവെച്ചത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സുമാണ് ഇയാൽ സമീറിനെ ഐ‍ഡിഎഫ് തലവനായി നാമനിർദേശം ചെയ്തത്. ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തിന്‍റെ ഡയറക്ടർ ജനറലായിരുന്ന സമീറിനെ ലെഫ്. ജനറൽ പദവിയേക്ക് ഉയർത്തിയാണ് സെെന്യത്തിലേക്ക് തിരിച്ചെത്തിച്ചത്.

2023 ഒക്‌ടോബർ 7ന് ഹമാസ് സൈന്യം ഇസ്രയേലിൽ നടത്തിയ ആക്രമണം തടയുന്നതിലെ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു ഹെർസി ഹലേവിയുടെ രാജി. ഹമാസുമായുളള വെടിനിർത്തൽ കരാർ ഒപ്പുവയ്ക്കുന്നതിനു പിന്നാലെ രാജി വയ്ക്കുമെന്ന് ഹലേവി പ്രഖ്യാപിച്ചിരുന്നു. 2018 മുതൽ 2021 വരെ മിലിട്ടറിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫായും ഹലേവി സേവനമനുഷ്ഠിച്ചിരുന്നു.

ഇയാൽ സമീറിനെ കൂടാതെ രണ്ട് പേരുടെ പേര് കൂടി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പ്രതിരോധ സേന മേധാവിയായി നാമനിർദേശം ചെയ്തിരുന്നു. നിലവിലെ ഐഡിഎഫ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ അമീർ ബരാം, മേജർ ജനറൽ തമിർ യാദായി എന്നിവരെയാണ് കാറ്റ്സ് നാമനിർദേശം ചെയ്തത്. എന്നാൽ നെതന്യാഹു ഗാസയുടെ ചുമതലയുള്ള ഇസ്രയേൽ സൈന്യത്തിൻ്റെ സതേൺ കമാൻഡിൻ്റെ മേധാവിയായും പ്രധാനമന്ത്രിയുടെ സൈനിക സെക്രട്ടറിയായും പ്രവർത്തിച്ച ഇയാൽ സമീറിനെ തെരഞ്ഞെടുക്കുകയായിരുന്നു.


അതേസമയം, ബന്ദികളെ ഉടൻ മോചിപ്പിക്കാൻ ഹമാസിന് അന്ത്യശാസനം നൽകിയിരിക്കുകയാണ് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഗാസയിൽ പുതിയ വെടിനിർത്തലും ബന്ദി കരാറും ഉണ്ടാക്കുന്നതിനായി ട്രംപിന്റെ ബന്ദികാര്യ പ്രതിനിധി ആദം ബോഹ്‌ലറും ഹമാസ് പ്രതിനിധികളും തമ്മിൽ ദോഹയിൽ നേരിട്ട് നടത്തിയ ചർച്ചകൾക്കിടെയായിരുന്നു ട്രംപിന്റെ അന്ത്യശാസനം. ഗാസയിൽ ഹമാസ് ഇപ്പോഴും 59 പേരെ ബന്ദികളാക്കിയിട്ടുണ്ട്. അതിൽ അ‍ഞ്ച് പേർ യുഎസ് പൗരരാണ്.

SCROLL FOR NEXT