നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയ്ക്കെതിരെ മൊഴി നൽകാൻ ഭയന്നമെന്ന് ദൃക്സാക്ഷി. ഒരേ ഒരാളാണ് കൊലപാതകം നേരിട്ട് കണ്ടത്. ചെന്താമര അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്നാണ് ദൃക്സാക്ഷി പറയുന്നത്. ഇയാൾ ആടിനെ മേക്കുന്നതിനിടെയാണ് സുധാകരൻ്റെ അമ്മ ലക്ഷ്മിയെ ചെന്താമര കൊല്ലുന്നത് കണ്ടത്. സംഭവത്തിന് ശേഷം ദൃക്സാക്ഷി പ്രദേശം വിട്ടു പോയിരുന്നു. പിന്നീട് നെല്ലിയാമ്പതിയിൽ നിന്നാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. ഇയാളിൽ നിന്ന് മൊഴി എടുക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.
അതേസമയം, കേസിൽ ഫെബ്രുവരി 27 ന് ചെന്താമരയുടെ ജാമ്യാപേക്ഷ ആലത്തൂർ കോടതി തള്ളിയിരുന്നു. ഫെബ്രുവരി 21നാണ് പ്രതി ചെന്താമര ജാമ്യം ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും നിരപരാധിത്വം തെളിയിക്കാൻ തയ്യാറാണെന്നുമാണ് ജാമ്യാപേക്ഷയിൽ ഇയാൾ പറഞ്ഞത്. ജാമ്യ വ്യവസ്ഥ അംഗീകരിക്കാൻ തയ്യാറാണെന്നും പ്രതി വ്യക്തമാക്കിയിരുന്നു.
അയൽവാസിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര വീട്ടമ്മയുടെ ഭർത്താവിനെയും അമ്മയെയും കൊലപ്പെടുത്തിയത്. ജനുവരി 27നാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനും, അമ്മ ലക്ഷ്മിയും കൊല്ലപ്പെട്ടത്. ജനുവരി 28 ന് പ്രതി ചെന്താമരയെ അറസ്റ്റ് ചെയ്തു. ഇതോടെ ആദ്യ കൊലക്കേസിൽ ചെന്താമരക്ക് ലഭിച്ച ജാമ്യം കോടതി റദ്ദാക്കിയിരുന്നു.