സിനിമാ മേഖലയിൽ നിന്ന് നേരിട്ട പ്രശ്നങ്ങൾ വെളിപ്പെടുത്തി അസിസ്റ്റന്റ് ഡയറക്ടർ ദേവകി ഭാഗിയും മേക്കപ്പ് ആർട്ടിസ്റ്റ് രഹനയും. കോഴിക്കോട് ശ്രീ ചൈതന്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡബ്ല്യു.സി.സിക്ക് വേണ്ടി എൻ. രാജേഷ് സ്മാരക പുരസ്കാരം ഏറ്റുവാങ്ങുകയായിരുന്നു ഇരുവരും.
ചെറുപ്രായത്തിൽ തന്നെ സിനിമയിൽ നിന്ന് മോശം അനുഭവം നേരിട്ടെന്ന് ദേവകി ഭാഗി വെളിപ്പെടുത്തി. സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് ഒരു സംവിധായകൻ നേരിട്ട് വന്ന് പറഞ്ഞപ്പോൾ സിനിമ വിട്ടെന്നും, വർഷങ്ങൾക്ക് ശേഷം തിരികെ സിനിമയുടെ ഭാഗമായപ്പോഴും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമില്ലെന്ന് ബോധ്യപ്പെട്ടെന്നും ദേവകി ഭാഗി പറഞ്ഞു.
ഡബ്ല്യു.സി.സിക്ക് ഒപ്പം പ്രവർത്തിച്ചതോടെ സിനിമയിലെ അവസരം നഷ്ടമായെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് രഹന പറഞ്ഞു. ഇതോടെ വരുമാനം ഇല്ലാതായെന്നും, വീട് പോലും ജപ്തിയിൽ ആയെന്നും രഹന പറഞ്ഞു.
അതേസമയം, സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് കൊണ്ട് അവരുടെ അവകാശത്തിന് വേണ്ടി പോരാടിയതിന് ഡബ്ല്യു.സി.സിക്ക് ലഭിച്ച അംഗീകാരമാണ് എൻ. രാജേഷ് സ്മാരക പുരസ്കാരമെന്ന് വി.ഡി. സതീശൻ പറഞ്ഞു. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് സർക്കാരിന്റെ കൈവശം മൊഴികളുണ്ട്. അത് പൂഴ്ത്തി വയ്ക്കുന്നത് തന്നെ കുറ്റകൃത്യമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ഭരണമോ അധികാരമോ ഇല്ലാതെ വലിയൊരു സംവിധാനത്തിനെതിരെയാണ് ഡബ്ല്യു.സി.സി പോരാടിയതെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.